vote

അടൂർ : മണ്ഡലത്തിലെ മൂന്ന് ജില്ലാഡിവിഷനുകളിലേക്കും മുന്നണികളുടെ സ്ഥാനാർത്ഥി ചിത്രം തെളിഞ്ഞു. എൽ.ഡി.എഫ് ഒരു മുഴംമുമ്പേ നീട്ടി എറിഞ്ഞപ്പോൾ യു.ഡി.എഫിൽ അന്തിമ ചിത്രം വ്യക്തമായിട്ടില്ല. മുൻകാലങ്ങളിൽ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കാൻ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ തള്ളികയറ്റമായിരുന്നെങ്കിൽ ഇക്കുറി ചെലവ് പേടിച്ച് പലരും ഉൾവലിയുകയാണ്.

ഏനാത്ത് ഡിവിഷനിൽ സി.പി.എം സ്ഥാനാർത്ഥി പി.ബി.ഹർഷകുമാർ പ്രചാരണം ആരംഭിച്ചു. പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ്, പള്ളിക്കൽ പടിഞ്ഞാറ് സഹകരണ ബാങ്ക് പ്രസിഡന്റ്, സി.പി.എം ഏരിയാ കമ്മിറ്റി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച പി.ബി.ഹർഷകുമാർ സി. പി. എം ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ്.

ഇവിടെ കോൺഗ്രസിൽ എെ ഗ്രൂപ്പാകും സ്ഥാനാർത്ഥിയെ നിശ്ചയിക്കുക. രണ്ട് തവണ കടമ്പനാട് ഗ്രാമപഞ്ചായത്ത് മെമ്പറും വൈസ് പ്രസിഡന്റുമായിരുന്ന സി. കൃഷ്ണകുമാറനെയാണ് പരിഗണിക്കുന്നത്. എ ഗ്രൂപ്പിനൊപ്പം നിലനിന്ന കൃഷ്ണകുമാർ സമീപകാലത്ത് ഐ ഗ്രൂപ്പുമായി ചങ്ങാത്തത്തിലായതോടെയാണ് സ്ഥാനാർത്ഥിത്വത്തിലേക്ക് പരിഗണിക്കുന്നത്. ദീർഘകാലം കോൺഗ്രസിന്റെ കടമ്പനാട് മണ്ഡലം പ്രസിഡന്റുമായിരുന്നു.

പള്ളിക്കൽ ഡിവിഷൻ സി.പി.ഐയ്ക്കാണ് നൽകിയിരിക്കുന്നത്. നിലവിൽ സി. പി. ഐയിലെ ടി.മുരുകേഷായിരുന്നു ഡിവിഷൻ പ്രതിനിധി. വനിതാ ഡിവിഷനായതോടെ യുവതാരത്തെ പരീക്ഷിക്കാൻ ഒരുങ്ങുകയാണ്. എ.ഐ.വൈ.എഫ് മണ്ഡലം കമ്മിറ്റി മെമ്പറും എെ. പി. എസ്. ഒ യുടെ ദേശീയ കൗൺസിൽ അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയായിരിക്കും സ്ഥാനാർത്ഥിയാവുക. കോൺഗ്രസ് ഇവിടെയും സ്ഥാനാർത്ഥിയുടെ കാര്യത്തിൽ അന്തിമ തീരുമാനം കൈകൊണ്ടിട്ടില്ല. മുൻ ജില്ലാ പഞ്ചായത്തംഗം സുധാകുറുപ്പ്, ഗീതാ ചന്ദ്രൻ, പള്ളിക്കൽ സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം പ്രീയ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്.

കൊടുമൺ ഡിവിഷനും വനിതാ ഡിവിഷനായതോടെ സി. പി. എം നിലവിലെ പറക്കോട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീനാ പ്രഭയെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചു. കോൺഗ്രസ് മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന പി. വിജയമ്മയെ പരിഗണിച്ചെങ്കിലും മത്സരരംഗത്തേക്കില്ലെന്ന നിലപാടിലാണിവർ. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയും കലഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡ് മെമ്പറുമായ ലക്ഷ്മി അശോകിനെയാണ് നിലവിൽ പരിഗണിക്കുന്നത്. ആദ്യ ഘട്ടം മുതൽ ലക്ഷ്മിയുടെ പേരിനായിരുന്നു പരിഗണന ലഭിച്ചെങ്കിലും ജില്ലാ പഞ്ചായത്ത് ഡിവിഷനെ പ്രതിനിധീകരിച്ച ബിനിലാലിന്റെ പേരും പരിഗണനയിലുണ്ട്.