തിരുവല്ല: കണ്ണൊന്ന് തെറ്റിയാൽ വാഹനം കുഴിയിൽ വീണ് അപകടമുണ്ടാകും. തിരക്കേറിയ തിരുവല്ല - മാവേലിക്കര സംസ്ഥാനപാതയിൽ കാവുംഭാഗത്താണ് ഒരാഴ്ചയായി ഒട്ടേറെപ്പേരെ അപകടത്തിലാക്കിയ കുഴി രൂപപ്പെട്ടിരിക്കുന്നത്. മാന്നാർ സ്വദേശിയായ വീട്ടമ്മ ഞായറാഴ്ച സ്‌കൂട്ടറുമായി കുഴിയിൽ വീണ് അപകടത്തിൽപ്പെട്ട സംഭവമാണ് ഒടുവിലത്തേത്. കാവുംഭാഗം ഏറങ്കാവ് ക്ഷേത്രത്തിന് സമീപമാണ് തിരുവല്ല-കുട്ടനാട് കുടിവെള്ള വിതരണ ശൃഖലയിലെ പൈപ്പ് പൊട്ടിയാണ് വലിയ ഗർത്തം രൂപപ്പെട്ടിരിക്കുന്നത്. ഒരാഴ്ച മുമ്പ് വെള്ളം പുറത്തേക്ക് ഒഴുകി രൂപപ്പെട്ട ചെറിയകുഴി ഇപ്പോൾ വലുതായി.അടുത്തിടെ അറ്റകുറ്റപ്പണികൾ നടത്തിയ റോഡിൽ രൂപപ്പെട്ട പുതിയ കുഴി യാത്രക്കാരുടെ ശ്രദ്ധയിൽപ്പെടില്ല. ഇരുചക്രവാഹന യാത്രികരാണ് കഴിഞ്ഞ ദിവസങ്ങളിൽ അപകടത്തിൽപ്പെട്ടത്. കുടിവെള്ളവും ഒരാഴ്ചയിലേറെയായി ഇവിടെ പരന്നൊഴുകി പാഴാകുകയാണ്. ഒരാഴ്ചയ്ക്കിടെ ഇരുചക്ര വാഹനയാത്രക്കാർ പലരും അപകടത്തിൽപ്പെട്ടിട്ടും നടപടിയില്ല. വീണ്ടും യാത്രക്കാർ കുഴിയിൽ വീഴാതിരിക്കാൻ നാട്ടുകാർ കുഴിയിൽ കല്ലിട്ട് മൂടി ചെടിക്കമ്പ് നാട്ടി. എന്നാൽ ഇപ്പോഴും യാത്രക്കാർക്ക് അപകട ഭീഷണി ഒഴിവായിട്ടില്ല.
റോഡിന് വീതികുറവ്
കാവുംഭാഗത്ത് മുത്തൂർ റോഡുമായി സംഗമിക്കുന്ന ഈഭാഗത്ത് റോഡിന് വീതി കുറവുമാണ്. പൈപ്പ് പൊട്ടൽ മൂലമുണ്ടായ വെള്ളക്കെട്ട് കാൽനട യാത്രക്കാർക്കും ദുരിതമായി.
കാവുംഭാഗത്തെ പൈപ്പ് പൊട്ടൽ അടിയന്തരമായി പരിഹരിക്കും.
(വാട്ടർ അതോറിറ്റി അധികൃതർ)