election-

പത്തനംതിട്ട:പാർട്ടിയുടെ ഒൗദ്യോഗിക പ്രഖ്യാപനം വരുമ്പോൾ വരെട്ട, ഒറ്റയ്ക്ക് വീടുകൾ കയറിയും സഹായം അഭ്യർത്ഥിച്ചും സ്ഥാനാർത്ഥികൾ പലയിടത്തും സജീവമായി. ഫേസ് ബുക്കിലും വാട്സാപ്പ് ഗ്രൂപ്പുകളിലും പോസ്റ്ററുകൾ എത്തി. മതിലുകളും ഭിത്തികളും ബുക്ക് ചെയ്ത് പ്രചരണം നടത്തുന്നതിനേക്കാൾ എത്രയോ എളുപ്പമാണ് സോഷ്യൽ മീഡിയകളിലെ പ്രചാരണമെന്ന് പ്രവർത്തകർ തിരിച്ചറിഞ്ഞു. അഞ്ച് വർഷം മുൻപ് നടന്ന ത്രിതല തിരഞ്ഞെടുപ്പിൽ മതിലുകളും വൈദ്യുതി പോസ്റ്റുകളും ഭിത്തികളുമായിരുന്നു സ്ഥാനാർത്ഥികളുടെ പേരും ചിഹ്നവും പരിചയപ്പെടുത്തിയരുന്നത്. സോഷ്യൽ മീഡിയകളുടെയും സൈബർ യുഗത്തിന്റെയും ഇക്കാലത്ത് മതിലുകളിൽ ബുക്കിംഗ് കുറവാണ്. മൂന്ന് മുന്നണികളുടെയും സൈബർ പ്രചാരണത്തിന് പ്രത്യേക വിഭാഗമുണ്ട്. കമ്പ്യൂട്ടർ ആനിമേഷനിലും ഡിസൈനിംഗിലും വിദഗ്ദ്ധരായവരെ രംഗത്തിറക്കും. സ്ഥാനാർത്ഥികളുടെ ഒൗദ്യോഗിക പ്രഖ്യാപനത്തോടെ സോഷ്യൽ മീഡിയ വിഭാഗവും സജീവമാകും.

ജില്ലാ നേതാക്കൾ ജില്ലാ പഞ്ചായത്തിലേക്ക്

പ്രസിഡന്റ് സ്ഥാനം ജനറൽ വിഭാഗത്തിനായതോടെ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് തിളക്കമേറും. ഒൗദ്യോഗിക പ്രഖ്യാപനമായില്ലെങ്കിലും ചില സ്ഥാനാർത്ഥികൾ വോട്ടർമാരെ കണ്ടു തുടങ്ങി.

ഏനാത്ത് ഡിവിഷനിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം പി.ബി. ഹർഷകുമാർ ആണെന്ന് ഏറെക്കുറെ ഉറപ്പായി. പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റാണ്.

കുളനട ഡിവിഷനിൽ ബി.ജെ.പി ജില്ലാ പ്രസിഡന്റ് അശോകൻ കുളനട മത്സരിക്കുമെന്നാണ് സൂചന. നിലവിൽ കുളനട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റാണ് അദ്ദേഹം.

മലയാലപ്പുഴ ഡിവിഷനിൽ ഡി.സി.സി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം മത്സരിച്ചേക്കും. കോന്നി ബ്ളോക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റാണ് അദ്ദേഹം. മലയാലപ്പുഴ ഗ്രാമ പഞ്ചായത്ത് മുൻ അംഗമാണ്.

ഇന്നും നാളെയുമായി അറിയാം

ത്രിതല തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ മുന്നണികൾ രണ്ടു ദിവസത്തിനുള്ളിൽ പ്രഖ്യാപിച്ചേക്കും. മൂന്ന് മുന്നണികളും ഗ്രാമ, ബ്ളോക്ക് പഞ്ചായത്തുകളിലെ സ്ഥാനാർത്ഥികളെ തീരുമാനിച്ചിട്ടുണ്ട്.

എൽ.ഡി.എഫിൽ സ്ഥാനാർത്ഥി നിർണയം 90 ശതനമാനമായി. ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികളെ പാർട്ടികളുടെ സംസ്ഥാന ഘടകങ്ങൾ അംഗീകരിച്ചാൽ പൂർത്തിയായി. ഇത്തവണ 11 പാർട്ടികളാണ് എൽ.ഡി.എഫിൽ. കഴിഞ്ഞ തവണ ആറ് ആയിരുന്നു.

യു.ഡി.എഫിൽ ജില്ലാ പഞ്ചായത്തിലേക്ക് കോൺഗ്രസ് 12 സീറ്റുകളിലും കേരളകോൺഗ്രസ് ജോസഫ് രണ്ട് സീറ്റുകളിലും മത്സരിക്കാനാണ് ഇതുവരെയുള്ള ധാരണ. ബാക്കി രണ്ടും കോൺഗ്രസ് എടുത്തേക്കും.

എൻ.ഡി.എ സ്ഥാനാർത്ഥികളെ ഇന്നോ നാളയോ അറിയാം. ജില്ലാ പഞ്ചായത്തിലേക്ക് ബി.ഡി.ജെ.എസ് നാല് സീറ്റിൽ മത്സരിച്ചേക്കും.