കൂടൽ: ആടിയും പാടിയും ഉണ്ടും ഉറങ്ങിയും കുഞ്ഞോമനകൾ സുരക്ഷിതത്വം അനുവഭിച്ച പിള്ളപ്പുര ഒരുകാലത്തിന്റെ ഒാർമ്മപ്പെടുത്തലായി ഇന്നുമുണ്ട്. രാജഗിരി എസ്റ്റേറ്റിലെ തോട്ടത്തിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ മക്കളെ സംരക്ഷിക്കാനായി ബ്രിട്ടീഷ് ഭരണകാലത്തു സ്ഥാപിച്ചതാണിത്. 1947 നു മുൻപ് ബ്രിട്ടീഷുകാരുടെ കൈവശമായിരുന്നു രാജഗിരിത്തോട്ടം. അക്കാലത്തു മലയാളികളും തമിഴ് വംശജരുമായ തോട്ടം തൊഴിലാളികളായിരുന്നു ഏറെയും. ഇവർ രാവിലെ പണിക്കുപോകുമ്പോൾ ലയങ്ങളിൽ ഒറ്റയ്ക്കാകുന്ന കുട്ടികളുടെ സംരക്ഷണത്തിനായാണ് പിള്ളപ്പുര നിർമ്മിച്ചത്. തോട്ടത്തിനുള്ളിൽ കെട്ടിടം പണികഴിപ്പിച്ച ബ്രിട്ടീഷ്‌കാർ കുട്ടികളെ നോക്കാനായി ജോലിക്കാരെയും ഏർപ്പെടുത്തിയിരുന്നു. വിശാലമായ തോട്ടത്തിനുള്ളിലെ പിള്ളപ്പുര ശാന്തമായ അന്തരീക്ഷമാണ് കുട്ടികൾക്ക് നൽകിയത്. രാവിലേ മുതൽ ഉച്ചവരെ പിള്ളപുരയിൽ ഒന്നിച്ചു ജീവിച്ചവർക്ക് ആ അനുഭവങ്ങൾ പിന്നീട് ഗ്രഹാതുരത്വം ഉണർത്തുന്ന ഓർമകളാണ് സമ്മാനിച്ചത്. കുട്ടികളുടെ ശാരീരികവും മാനസികവും സാമൂഹികവുമായ വളർച്ചയ്ക്കും ഏറെ ഗുണം ചെയ്തു. ബ്രിട്ടീഷുകാർ തുടങ്ങിയ പിള്ളപ്പുരയുടെ പ്രവർത്തനം അവരുടെ കാലത്തുതന്നെ അവസാനിക്കുകയും ചെയ്തു.നാട്ടിൽ അങ്കണവാടികളും നഴ്‌സറി സ്‌കൂളുകളും വന്നതോടെ പിള്ളപ്പുരയെ നാട്ടുകാർ മറന്നു. സ്വാതന്ത്ര്യ ലബ്ധിക്കുമുൻപ് പണികഴിപ്പിച്ച കെട്ടിടത്തിന്റെ മേൽക്കൂര പിൽക്കാലത്തു പൊളിച്ചുപണിതെങ്കിലും ഇന്നും കാര്യമായ കേടുപാടുകളില്ല. പിൽക്കാലത്തു തോട്ടം എ.വി.ടി കമ്പനിയുടെ കൈവശത്തിലായെങ്കിലും പിള്ളപ്പുര പൊളിച്ചു മാറ്റിയില്ല. ഇപ്പോൾ എസ്റ്റേറ്റിലെ റബര് പാൽ തൂക്കുന്ന ഷെഡായി ഉപയോഗിക്കുന്നു.