 
പത്തനംതിട്ട: കുമ്പഴ-വെട്ടൂർ കോന്നി റോഡ് നിർമ്മാണത്തിൽ വൻ അഴിമതി നടന്നിട്ടുള്ളതായും ഇതേപ്പറ്റി സമഗ്രമായ വിജിലൻസ് അന്വേഷണം നടത്തണമെന്നും ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ് ആവശ്യപ്പെട്ടു. കോൺഗ്രസ് നേതൃത്വത്തിൽ റോഡ് നിർമ്മാണത്തിലെ അപാകതക്കെതിരെ വെട്ടൂരിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റോഡ് നിർമാണത്തിന് ഒന്നേകാൽ കോടി രൂപ അനുവദിച്ചതായിട്ടാണ് എം.എൽ.എയുടെ അവകാശവാദം. എം.എൽ.എക്ക് അഭിവാദ്യം അർപ്പിച്ച് സി.പി.എം വെച്ച ബോർഡുകളിൽ ഒരു കോടി രൂപ അനുവദിച്ചെന്നാണ് പറയുന്നത്. അടൂർ പ്രകാശിന്റെ കാലത്ത് ഉന്നത നിലവാരത്തിൽ ടാറിംഗ് നടത്തിയ റോഡിൽ വഴിപാട് പണികൾ നടത്തി നിർമ്മാണപ്രവർത്തനങ്ങളിൽ ഗുരുതരമായ അപാകതകളാണ് ഇപ്പോൾ നിലനിൽക്കുന്നതെന്നും ബാബു ജോർജ് ആരോപിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.വെട്ടൂർ ജ്യോതി പ്രസാദ്, ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം, ബിജു വിജയവിലാസം,ജയ്‌സൺ പീടികയിൽ, മോഹൻ അയ്യനേത്ത്, വി.ടി.ജയശ്രീ, പി.കെ.ഇക്ബാൽ എന്നിവർ പ്രസംഗിച്ചു.