തിരുവല്ല; അപ്പർപ്രൈമറി ക്ലാസുകളിലെ കുട്ടികൾക്കായി കലാ,കായിക, പ്രവൃത്തി പരിചയ ക്ലാസുകൾ ഓൺലൈനിൽ തുടങ്ങി. ചിത്രരചന, സംഗീത, ലഘുവ്യായാമങ്ങൾ,കളികൾ,യോഗ പരിശീലനം എന്നിവയാണ് ഓൺലൈനിലൂടെ കുട്ടികളെ പഠിപ്പിക്കുന്നത്. സമഗ്രശിക്ഷ പത്തനംതിട്ട ബ്ലോക്ക് റിസോഴ്‌സ് സെന്ററുകളിൽ നിയമിച്ചിട്ടുള്ള സ്‌പെഷ്യലിസ്റ്റ് അദ്ധ്യാപകരുടെ സഹായത്തോടെയാണ് ക്ളാസുകൾ . പതിനൊന്നു ബ്ലോക്ക് റിസോഴ്‌സ് സെന്ററുകളിൽ നിയമിച്ചിട്ടുള്ള 33 സ്‌പെഷ്യലിസ്റ്റ് അദ്ധ്യാപകരുടെ നേതൃത്വത്തിൽ കൃഷി, പച്ചക്കറിത്തോട്ട നിർമ്മാണം, ആരോഗ്യ സംരക്ഷണ മാർഗങ്ങൾ, ചുറ്റുപാടുകളിൽനിന്നും ലഭ്യമാകുന്ന വസ്തുക്കൾ ഉപയോഗപ്പെടുത്തിയുള്ള നാടൻ ഭക്ഷ്യവിഭവങ്ങൾ തയ്യാറാക്കൽ, അച്ചാറുകൾ, ജാം,സ്‌ക്വാഷ് എന്നിവ ഉണ്ടാക്കാൻ പഠിപ്പിക്കുക എന്നിവയും ക്ലാസുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചിറ്റയം ഗോപകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കർണാടക സംഗീതജ്ഞൻ ഡോ.പി. സുദർശനൻ മുഖ്യാതിഥിയായി. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. സമഗ്രശിക്ഷ ജില്ല പ്രോഗ്രാം ഓഫീസർ ജോസ് മാത്യു, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‌ഞം ജില്ലാ കോർഡിനേറ്റർ രാജേഷ് വള്ളിക്കോട്, കൈറ്റ് ജില്ലാ കോർഡിനേറ്റർ സുദേവ് കുമാർ, ജില്ലാ പ്രോജക്ട് കോർഡിനേറ്റർ അനിൽ കെ.വി, എ.ഇ.ഓ വിജയലക്ഷ്മി ബി, പ്രോഗ്രാം ഓഫീസർമാരായ സിന്ധു പി.എ, ജയലക്ഷ്മി എ.പി, ജയശ്രീ. ടി. ജി നന്ദി എന്നിവർ പ്രസംഗിച്ചു.