speaker

പത്തനംതിട്ട : കൊവിഡ് പ്രതിസന്ധിയിൽ മിണ്ടാനാവാതെ പോയ മൈക്ക് സെറ്റുകാർക്ക് തിരഞ്ഞെടുപ്പിൽ ശബ്ദം ഉയർത്തണമെങ്കിൽ സർക്കാർ കനിയണം. നിരോധനാജ്ഞ നിലനിൽക്കുന്ന ജില്ലയിൽ അനൗൺസ്മെന്റിന് അനുമതിയില്ല. തിരഞ്ഞെടുപ്പ് എത്തിയതോടെ ഏഴ് മാസം നീണ്ട വറുതിയിൽ നിന്ന് കരകയറാമെന്ന് വിചാരിച്ച ലൈറ്റ് ആൻ‌ഡ് സൗണ്ട് തൊഴിലാളികൾക്ക് വലിയ തിരിച്ചടിയാകുകയാണ് നിരോധനാജ്ഞ. ലൈറ്റ് ആൻഡ് സൗണ്ട് അസോസിയേഷൻ മുഖേന മുഖ്യമന്ത്രിയ്ക്ക് അപേക്ഷ നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല.

15 വരെയാണ് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

കൊവിഡും ലോക്ക് ഡൗണും കാരണം ഏറ്റവും ബുദ്ധിമുട്ടിലായ വിഭാഗങ്ങളിലൊന്ന് ലൈറ്റ് ആൻഡ് സൗണ്ട് തൊഴിലാളികളായിരുന്നു. ഉത്സവങ്ങളും പെരുന്നാളുകളും കലാപരിപാടികളും എല്ലാം തടസപ്പെട്ടപ്പോൾ ജീവിക്കാൻ മറ്റ് വഴികളൊന്നുമില്ലാതെ ബുദ്ധിമുട്ടിലായ വിഭാഗമാണിവർ. മുഖ്യമന്ത്രിയ്ക്ക് നൽകിയ നിവേദനത്തിന് മറുപടി എത്തിയിട്ട് കളക്ടറെ സമീപിക്കാനാണ് ഇവരുടെ നീക്കം.

ലൈറ്റ് ആൻ‌ഡ് സൗണ്ട് മേഖലയിൽ ജോലി ചെയ്യുന്നവരുടെ ആവശ്യം

1.ചെറിയ മീറ്റിംഗുകൾ, സ്റ്റേജ് പരിപാടികൾ എന്നിവയ്ക്ക്

മൈക്ക് വയ്ക്കാനുള്ള അനുമതി.

2. ജനറേറ്റർ ഘടിപ്പിച്ച വാഹനങ്ങൾക്ക് നൽകുന്ന പെർമിറ്റ് അനുവദിക്കുക.

3. വ്യാപാര സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള അനൗൺസ്മെന്റ്

തുടരാൻ അനുമതി നൽകുക

" ആഘോഷങ്ങളൊന്നും നടക്കുന്നില്ല. ആളുകൾ കൂടാൻ പറ്റാതായി. മൈക്ക് സെറ്റും മറ്റ് ഉപകരണങ്ങളും പ്രവർത്തിപ്പിച്ചില്ലെങ്കിൽ കേടുവന്ന് നശിക്കും. ആകെ കടത്തിലാണ് എല്ലാവരും. തിരഞ്ഞെടുപ്പാണ് ഇനി ആശ്രയം. 144 കാരണം ആ പ്രതീക്ഷയും നഷ്ടപ്പെടുമോയെന്ന ആശങ്കയിലാണ്. "

ജോബ്

(സന്തോഷ് ലൈറ്റ് ആൻഡ് സൗണ്ട്സ്)