പത്തനംതിട്ട : തദ്ദേശ തിരഞ്ഞെടുപ്പിനു മുന്നോടിയായി ജില്ലയിൽ ആദ്യഘട്ട പരിശോധന പൂർത്തിയാക്കിയ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ മോക്ക് പോൾ ജില്ലാ കളക്ടർ പി.ബി നൂഹിന്റെ നേതൃത്വത്തിൽ നടത്തി. കളക്ടറേറ്റ് അങ്കണത്തിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെയർഹൗസിലാണ് മോക്ക് പോൾ നടന്നത്. ജില്ലയിൽ ഗ്രാമപഞ്ചായത്തുകളിലായി 1326 പോളിംഗ് ബൂത്തുകളും നഗരസഭകളിലേക്ക് 133 പോളിംഗ് ബൂത്തുകളുമാണുള്ളത്. ഗ്രാമപഞ്ചായത്തുകളിലേക്ക് 1677 കൺട്രോൾ യൂണിറ്റിന്റെയും 5133 ബാലറ്റ് യൂണിറ്റിന്റെയും നഗരസഭകളിലേക്ക് 180 കൺട്രോൾ യൂണിറ്റിന്റെയും 179 ബാലറ്റ് യൂണിറ്റിന്റെയുമാണ് പ്രാഥമിക സാങ്കേതിക പരിശോധന പൂർത്തിയായത്. ഒക്‌ടോബർ 19 മുതൽ ആരംഭിച്ച സാങ്കേതിക പരിശോധന ആറ് ഇ.സി.ഐ.എൽ എൻജിനീയർമാരുടെ നേതൃത്വത്തിൽ നവംബർ ഒൻപതോടെ പൂർത്തീകരിച്ചിരുന്നു.
ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ വി.ഹരികുമാർ, സീനിയർ സൂപ്രണ്ട് അന്നമ്മ കെ.ജോളി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം.ജെ രവി, ആർ.ജയകൃഷ്ണൻ തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.