11-chengara
ചെങ്ങറ ഭൂസമരത്തിൽ പങ്കെടുക്കുന്നവർ ...ഫയൽ ചിത്രം

മലയാലപ്പുഴ: സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂസമരത്തിന് സാക്ഷ്യം വഹിച്ച ചെങ്ങറയിലെ 625 കുടുംബങ്ങളിലെ 2500 പേർക്ക് ഇത്തവണയും വോട്ട് ചെയാനാവില്ല. റേഷൻ കാർഡും ആധാർ കാർഡും വോട്ടർ ഐ.ഡി യും ഇല്ലാത്ത ഇവർ 13 വർഷമായി സർക്കാർ രേഖകളുടെ പുറത്താണ്. വോട്ടേഴ്‌സ് ലിസ്റ്റിൽ പേരില്ലാത്തതിനാൽ ഒരു പാർട്ടിയും സ്ഥാനാർത്ഥികളും ചെങ്ങറക്കാരെ തേടി എത്താറില്ല. മലയാലപ്പുഴ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിലുൾപ്പെടുന്ന സമരഭൂമി ഹാരിസൺ കമ്പനിയുടെ പേരിലായതിനാലാണ് ഇവിടുത്തെ താമസക്കാർക്ക് സർക്കാർ രേഖകളിൽ കടന്നുകൂടാനാവാത്തത്.

ചെങ്ങറ സമരം

2007 ഓഗസ്റ്റ് 4 ന് ളാഹ ഗോപാലന്റെ നേതൃത്വത്തിൽ പാട്ടക്കാലാവധി കഴിഞ്ഞ ഹാരിസൺസ് പ്ളാന്റേഷന്റെ കുമ്പഴത്തോട്ടത്തിൽ ഭൂരഹിതർ കുടിൽക്കെട്ടി സമരം തുടങ്ങി. 2009 ഒക്ടോബർ 5ന് അന്നത്തെ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിൽ സമരക്കാരുമായി നടത്തിയ ചർച്ചയെ തുടർന്ന് ചെങ്ങറ പാക്കേജ് നടപ്പാക്കാൻ തീരുമാനിച്ച് സമരം ഒത്തുതീർപ്പാക്കി. തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇവർക്കായി ഭൂമി അനുവദിച്ചു. ചെങ്ങറ വിട്ടു പലകുടുംബങ്ങളും ഭൂമി ലഭിച്ച സ്ഥലങ്ങളിലേക്ക്‌ പോയപ്പോൾ പുതുതായി ചിലർ സമരഭൂമിയിൽ കടന്നുകൂടി. സർക്കാർ നൽകിയ ഭൂമി വാസയോഗ്യമല്ലെന്ന കാരണത്താൽ ചിലർ തിരികെ വന്നു. സമരഭൂമിയിൽ നിന്ന് പോയവർ തിരികെയെത്തിയത് സംഘർഷത്തിനും കാരണമായി. ഭൂസമരനേതാവ് ളാഹഗോപാലനും സമരഭൂമിയിൽ നിന്ന് പുറത്തുപോകേണ്ടതായി വന്നു.

625 കുടുംബങ്ങൾ

ചെങ്ങറയിൽ ഇപ്പോൾ 625 കുടുംബങ്ങളാണുള്ളത്. പലവിഭാഗങ്ങളിലായി തിരിഞ്ഞു താമസിക്കുന്ന ഇവർ സമീപപ്രദേശങ്ങളിൽ കൂലിപ്പണി ചെയ്താണ് ജീവിക്കുന്നത്. 2018 മെയ് 17 നു ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ കളക്ട്രേറ്റിൽ ചേർന്ന യോഗത്തിൽ ചെങ്ങറക്കാർക്ക് വോട്ടേഴ്‌സ് ഐ.ഡിയും, റേഷൻ കാർഡും നല്കാൻ തീരുമാനിച്ചെങ്കിലും പിന്നീട് നടപടിയുണ്ടായില്ല. 13 വർഷങ്ങളായി പോളിങ് ബൂത്തിൽ പോകാത്ത ഇവർക്ക് 7 കിലോമീറ്ററിനുള്ളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒന്നുമില്ല. പ്ലാസ്റ്റിക്കും ഓലയും വലിച്ചുകെട്ടിയ ഷെഡുകളിലാണിവർ താമസിക്കുന്നത്. 18 വയസുവരെയുള്ള കുട്ടികൾക്ക് സർക്കാർ സൗജന്യ ചികിത്സ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും സർക്കാർ രേഖകളിൽ ഇടമില്ലാത്തതിനാൽ ഇവിടുത്തെ 800 ഓളം വരുന്ന കുട്ടികൾക്കിതുലഭ്യമല്ല. ഇതുവരെ സമരഭൂമിയിൽ മരിച്ചത് 130 പേരാണ്.

റേഷൻ കാർഡിലും വോട്ടർപട്ടികയിലും പേരുചേർക്കുന്നതിനായി സർക്കാർ ഒാഫീസുകളിൽ കയറിയിറങ്ങിയിട്ടും ഒരു പ്രയോജനവും ഉണ്ടായില്ല.

ചെങ്ങറയിലെ താമസക്കാർ

ചെങ്ങറ സമരഭൂമി

മലയാലപ്പുഴ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിൽ,

കുടുംബങ്ങൾ : 625

വോട്ടർമാർ : 2500

താമസം തുടങ്ങിയിട്ട് : 13 വർഷം

മരണം : 130