ചെങ്ങന്നൂർ: ഉമയാറ്റൂകര സർവീസ് സഹകരണ ബാങ്കിനെതിരെ ബി.ജെ.പി നടത്തുന്ന പ്രതിഷേധ സമരം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള കുപ്രചരണമാണെന്ന് ഭരണസമിതി അംഗങ്ങൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വരാൻ പോകുന്ന തിരഞ്ഞെടുപ്പ് മുൻപിൽ കണ്ട് ഇവർ ഉന്നയിക്കുന്ന ആരോപണങ്ങൾ ഇവർ കൂടി അംഗങ്ങളായിരുന്ന ഭരണ സമിതി ഐക്യകണ്‌ഠേന എടുത്ത തീരുമാനങ്ങൾക്ക് വിരുദ്ധമായിട്ടുള്ളതാണ്. 2019 നവംബറിൽ നടന്ന തിരഞ്ഞെടുപ്പിൽ പോലും ഇപ്പോൾ പറയുന്ന ആരോപണങ്ങൾ ബി.ജെ.പി ഉന്നയിച്ചിരുന്നില്ല എന്നുള്ളതും ശ്രദ്ധേയമാണ്. ബി.ജെ.പിയുടെ ചില മുൻ ഭരണ സമിതി അംഗങ്ങൾ അവരുടെ ആശ്രിതരുടെ പേരിലെടുത്ത ലോൺ തുകയും , പഞ്ചായത്തംഗം എടുത്ത 40 ലക്ഷം രൂപയും, ലോൺ കാലാവധി പൂർത്തിയാക്കി കുടിശിഖയായതിനാൽ ബാങ്ക് നിയമനടപടി സ്വീകരിച്ചതിനും ബാങ്കിന്റെ അഭിവൃദ്ധിയെ മുൻനിറുത്തി കുടിശിഖകൾ പിരിച്ചെടുക്കുന്നതിന് ബാങ്ക് നടപടികൾ സ്വീകരിച്ചതിലും രോഷം പൂണ്ടാണ് ബി.ജെ.പി ബാങ്കിനു മുൻപിൽ സമരവുമായി ഇറങ്ങിയത്. ബാങ്കിന്റെ നടപടിക്രമങ്ങളെല്ലാം തന്നെ കൃത്യമായാണ് നടന്നിരിക്കുന്നത്.ബാങ്ക് പ്രവർത്തനവും ലാഭത്തിലാണന്നും പ്രസിഡന്റ് പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ചാർലി ഏബ്രഹാം(പ്രസിഡന്റ്), സജി വി.ജോസഫ് (ഭരണ സമിതി അംഗം) എന്നിവർ പങ്കെടുത്തു.