പത്തനംതിട്ട : സ്ഥാനാർത്ഥി നിർണയത്തോടൊപ്പം പ്രചാരണ ബോർഡുകളും അണിയറയിൽ ഒരുങ്ങുകയാണ്. പട്ടിക കൊണ്ട് ഫ്രെയിം നിർമ്മിച്ചുള്ള ബോർഡുകൾക്കാണ് ആവശ്യക്കാർ ഏറെയും. 75 രൂപ മുതൽ വലിപ്പം അനുസരിച്ച് മുന്നൂറു രൂപ വരെയുള്ള ഫ്രെയിമുകൾ വാങ്ങാൻ കിട്ടും. ഫ്ലക്സ് നിരോധിച്ചതോടെ പെട്ടന്ന് നശിക്കുന്ന തരത്തിലുള്ള കാൻവാസാണ് ബോർഡ് നിർമ്മാണത്തിന് ഉപയോഗിക്കുന്നത്. കൊവിഡിൽ പ്രതിസന്ധിയിലായ തൊഴിലാളികൾക്ക് ഫ്രെയിം നിർമ്മാണം ആശ്വാസമാണ്. സ്ഥാനാർത്ഥിത്വം ഉറപ്പിച്ചവർ ബോർഡ് സ്ഥാപിച്ച് പ്രചരണം തുടങ്ങി കഴിഞ്ഞു. കോന്നിയിലെ പ്രമാടത്ത് നൂറ് കണക്കിന് ഫ്രെയിമുകളാണ് ദിവസവും നിർമ്മിക്കുന്നത്.
ആവേശത്തോടെ തൊഴിലാളികൾ
തിരഞ്ഞെടുപ്പ് അതിജീവനം കൂടിയാണെന്ന അഭിപ്രായമാണ് തൊഴിലാളികൾക്ക്. ഏഴ് മാസമായി തടി തൊഴിലാളികൾക്ക് പണി ഇല്ലാതായിട്ട്. ഇപ്പോൾ കൂട്ടമായി പണി ആരംഭിച്ചു.
" ജോലി ഇല്ലാതെ ബുദ്ധിമുട്ടുകയായിരുന്നു. ലോക്ക് ഡൗണിൽ പരിപാടികൾ ഒന്നും നടക്കാത്തതിനാൽ ബോർഡ് ചെയ്തിരുന്നില്ല. തിരഞ്ഞെടുപ്പിലാണ് ഇനി പ്രതീക്ഷ.
എം.ജി സുകുമാരൻ
(ബോർഡ് ചെയ്യുന്നയാൾ)