human-rightscommission

പത്തനംതിട്ട : വന്യജീവികൾ കാരണം കൃഷിനാശവും വരുമാനനഷ്ടവും സംഭവിച്ച മുഴുവൻ കർഷകർക്കും അർഹമായ ആനുകൂല്യം നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ.
സ്വീകരിച്ച നടപടികൾ രേഖാമൂലം അറിയിക്കണമെന്നും കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി മുഖ്യവനപാലകന് നിർദ്ദേശം നൽകി.
വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നത് തടയാൻ വനാതിർത്തികളിൽ വൈദ്യുതവേലി, കിടങ്ങുകൾ എന്നിവ നിർമ്മിക്കണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു. റബ്ബർതോട്ടങ്ങളിലെ കാട് വെട്ടിത്തെളിക്കാൻ പഞ്ചായത്ത് തലത്തിൽ റബ്ബർതോട്ടം ഉടമകൾക്ക് ബോധവൽക്കരണം നൽകണം. ഇതിനായി തൊഴിലുറപ്പ് പദ്ധതി പ്രയോജനപ്പെടുത്താവുന്നതാണ്. പഞ്ചായത്ത് ഡയറക്ടർ ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കണം.
എഴുമറ്റൂർ, തെള്ളിയൂർ , വരിക്കാനിക്കൽ, ചീനിക്കണ്ടം, മുതുപാല, മടുക്കപ്പുഴ, വാളക്കുഴി, കാരമല തുടങ്ങിയ സ്ഥലങ്ങളിലെ കാട്ടുപന്നി ശല്യത്തിനെതിരെ വാളക്കുഴി പൗരസമിതി പ്രസിഡന്റ് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. പഞ്ചായത്തുകളിൽ കൂടുന്ന ജനജാഗ്രതാസമിതിയുടെ ശുപാർശ അനുസസരിച്ച് കാട്ടുപന്നികളെ വെടിവച്ചുകൊല്ലാൻ നടപടി സ്വീകരിക്കുന്നതായി ഡി.എഫ്.ഒ കമ്മിഷനെ അറിയിച്ചു.