തിരുവല്ല: തിരക്കേറിയ തിരുവല്ല - മാവേലിക്കര സംസ്ഥാന പാതയോരം കാടുവളർന്ന് അപകട ഭീഷണി ഉയർത്തുന്നു. മണിപ്പുഴ മുതൽ പന്നായി പാലം വരെയുള്ള ഭാഗത്തെ പാതയോരമാണ് കാടും വള്ളിപ്പടർപ്പുകളും വളർന്ന് വഴിയാത്ര ദുസഹമാക്കുന്നത്. കൊടുംവളവുകൾ ഏറെയുള്ള റോഡിൽ വാഹന യാത്രികരുടെ കാഴ്ച മറയ്ക്കും വിധം പാതയോരം കാട് മൂടിക്കിടക്കുകയാണ്. പുളിക്കീഴ് പാലത്തിന് സമീപത്തും സൈക്കിൾ മുക്കിന് സമീപത്തെ വളവിലും കാടുവളർന്നു നിൽക്കുന്നതിനാൽ എതിരെ വരുന്ന വാഹനങ്ങൾ പോലും കാണാൻ യാത്രികർ ബുദ്ധിമുട്ടുന്ന സ്ഥിതിയാണ്. റോഡിന്റെ മറ്റു ചില ഭാഗങ്ങളിലും പാതയുടെ ഇരുവശവും കാട് കയറിക്കിടക്കുന്നത് വലിയ തരത്തിലുള്ള അപകട ഭീഷണിയാണ് ഉയർത്തുന്നത്.മിക്കയിടത്തും ദിശാ സൂചക ബോർഡുകളും വാഹനയാത്രികർക്ക് കാണാൻ കഴിയില്ല. ഇടവഴിയിൽ നിന്നും പ്രധാന റോഡിലേക്ക് കടന്നുവരുന്ന വാഹനങ്ങളും കാടുമൂലം കാണാൻ കഴിയാത്ത സ്ഥിതിയാണ്.പരുമല പള്ളി പെരുന്നാളും ചക്കുളത്ത് കാവ് പൊങ്കാല ഉത്സവവും അടുക്കുമ്പോൾ പാതയോരത്തെ കാട് വെട്ടിത്തെളിക്കുന്ന പതിവുണ്ടായിരുന്നു. എന്നാൽ ഇത്തവണ കൊവിഡ് കാരണം ആഘോഷങ്ങൾ പലതും ഒഴിവാക്കിയതോടെ പതിവ് ശുചീകരണവും ഉണ്ടായില്ല.പലവിധ കാരണങ്ങളാൽ ആറു മാസത്തിനകം ചെറുതും വലുതുമായ പത്തിലധികം അപകടങ്ങൾ സംഭവിച്ച വഴിയാണിത്.
-------
വഴിയാത്രക്കാരും ഭീഷണിയിൽ
നടപ്പാതയിലും കാടുവളർന്നു മൂടിയതോടെ വഴിയാത്രക്കാരും റോഡിലിറങ്ങിയാണ് നടന്നുപോകുന്നത്. ഇത് പലപ്പോഴും അപകടങ്ങൾക്കും കാരണമാകുന്നു. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കാടുവെട്ടി നീക്കി റോഡ് ശുചീകരിക്കുന്ന പണികളും ഇപ്പോൾ നടക്കുന്നില്ല.
-----------
പാതയോരത്തെ കാട് വെട്ടി നീക്കാൻ ആവശ്യമായ നടപടി സ്വീകരിക്കാൻ പൊതുമരാമത്ത് വകുപ്പ് തയാറാകണം
കെ.ജി സുനിൽകുമാർ
(നെടുമ്പ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്)
---------
-ആറ് മാസത്തിനിടയിൽ 10 അപകടങ്ങൾ