പത്തനംതിട്ട- ഏഴാമത് സാമ്പത്തിക സെൻസസ് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാതല ഏകോപനസമിതി യോഗം എ.ഡി.എം അലക്‌സ് പി തോമസിന്റെ അദ്ധ്യക്ഷതയിൽ ഓൺലൈനായി ചേർന്നു.
കാർഷികേതര മേഖലയിൽ ചരക്ക്, സേവന (സ്വന്തം ഉപയോഗം ഒഴികെയുള്ളത്) ഉൽപാദനത്തിലും വിതരണത്തിലും ഏർപ്പെട്ടിരിക്കുന്ന ഗാർഹിക സംരംഭങ്ങൾ ഉൾപ്പെടെ എല്ലാ സ്ഥാപനങ്ങളെയും സാമ്പത്തിക സെൻസസിൽ ഉൾപ്പെടുത്തും. 2019 ഡിസംബർ 24ന് സംസ്ഥാനത്ത് സാമ്പത്തിക സെൻസസിന്റെ പ്രവർത്തനങ്ങൾ രാജ്ഭവനിൽ ഗവർണറിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് തുടക്കം കുറിച്ചിരുന്നു.
പേര്, വിലാസം, ഫോൺ നമ്പർ, സാമ്പത്തിക സംരംഭങ്ങളുടെ വിശദാംശങ്ങൾ എന്നിവയാണ് സെൻസസ് ഉദ്യോഗസ്ഥർ ശേഖരിക്കുന്നത്. വിവര ശേഖരണം, മൂല്യ നിർണയം, റിപോർട്ട് തയ്യാറാക്കൽ, പ്രചാരണം എന്നിവയ്ക്കായി ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണ് ഉപയോഗിച്ചിരിക്കുന്നത്. ഏഴാമത് സാമ്പത്തിക സെൻസസിലെ വിവരങ്ങൾ ഓരോ എന്യൂമറേഷൻ ബ്ലോക്കുകളിൽ നിന്നും മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള ആപ്ലിക്കേഷനിലൂടെ വിവരശേഖരണ ഉദ്യോഗസ്ഥർ അപ്പോൾ തന്നെ അപ് ലോഡ് ചെയ്യും. ഈ പ്രവർത്തനങ്ങളുടെ നടത്തിപ്പ് ചുമതല രാജ്യത്ത് ഉടനീളം കോമൺ സർവീസ് സെന്ററുകളെയാണ് ഏൽപ്പിച്ചിരിക്കുന്നത്. പ്രവർത്തനങ്ങളുടെ ഏകോപനം, സൂപ്പർവിഷൻ എന്നിവ നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻ.എസ്.ഒ), ഡയറക്ടറേറ്റ് ഓഫ് എക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് (ഡിഇഎസ്) എന്നീ ഗവൺമെന്റ് ഏജൻസികളാണ് നടത്തുന്നത്.
ജില്ലാതല മോണിറ്ററിംഗിനു വേണ്ടി ജില്ലാ കളക്ടർ ചെയർമാനായി ജില്ലാതല ഏകോപന സമിതി രൂപീകരിച്ചിട്ടുണ്ട്.
എൻപിആർ, കോവിഡ് 19 ലോക്ക്ഡൗൺ സാഹചര്യങ്ങൾ കാരണം സർവെ പ്രവർത്തനങ്ങൾ യഥാസമയം പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. അതിനാൽ സർവെ പൂർത്തിയാക്കുന്നതിനുള്ള കാലാവധി 2020 ഡിസംബർ 31 വരെയായി ദീർഘിപ്പിച്ചുണ്ട്. നിലവിൽ പത്തനംതിട്ട ജില്ലയിൽ 75556 സ്ട്രക്ചറുകൾ സർവെ ചെയ്തിട്ടുണ്ട്. ഇത് ആകെ ലക്ഷ്യത്തിന്റെ 16.86% മാത്രമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടേയും മറ്റു വകുപ്പുകളുടേയും സഹകരണം ജില്ലാതല കോ ഓർഡിനേഷൻ കമ്മറ്റിയിലൂടെ ഉറപ്പാക്കണമെന്നും സി.എസ്.സി ആവശ്യപ്പെട്ടിട്ടുണ്ട്.
എക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് ജില്ലാ ഡെപ്യൂട്ടി ഡറക്ടർ പി.കെ ശാലിനി, ഡെപ്യൂട്ടി ഡയറക്ടർ പഞ്ചായത്ത് എസ്.ഷാജി, എൻഎസ്ഒ സീനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ മാത്യു വർഗീസ്, സിഎസ്സി ജില്ലാ മാനേജർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.