തിരുവല്ല: രാജ്യാന്തര നിലവാരത്തിൽ പുനർ നിർമിക്കുന്ന കാവുംഭാഗം - ഇടിഞ്ഞില്ലം റോഡിലെ കൈയേറ്റങ്ങൾ പൊലീസിന്റെ സാന്നിദ്ധ്യത്തിൽ ഒഴിപ്പിച്ചു. റവന്യൂ വിഭാഗവും പൊതുമരാമത്ത് വിഭാഗവും കെ.എസ്.ഇ.ബി അധികൃതരും ചേർന്നാണ് സ്വകാര്യ വ്യക്തികൾ കൈയേറിയിരുന്ന പുറമ്പോക്ക് ഭൂമി ഒഴിപ്പിച്ചെടുത്തത്. പെരിങ്ങോൾ ഭാഗത്ത് നാല് സ്വകാര്യ വ്യക്തികൾ കൈയേറിയിരുന്ന പൊതുമരാമത്ത് വകുപ്പിന്റെ ഭൂമിയാണ് ഇന്നലെ ഉച്ചയോടെ ഒഴിപ്പിച്ചെടുത്തത്. കൈയേറ്റ ഭൂമിയിൽ നിലനിന്നിരുന്ന നിർമ്മാണങ്ങൾ ജെ.സി.ബി ഉപയോഗിച്ച് പൊളിച്ചു നീക്കി. കൈയേറ്റ ഭൂമി വിട്ടുനൽകുന്നതിൽ കാരണങ്ങൾ നിരത്തി സ്വകാര്യ വ്യക്തികളിൽ ചിലർ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കോടതി വിധി സ്വകാര്യ വ്യക്തികൾക്ക് എതിരായതിനെ തുടർന്നാണ് അധികൃതർ കൈയേറ്റങ്ങൾ ഒഴിപ്പിച്ചത്. റോഡിൽ ഇനിയും നാല് കൈയേറ്റങ്ങൾ കൂടി നിലവിലുണ്ടെന്നും ഇവയും നിയമ നടപടിയിലൂടെ ഒഴിപ്പിക്കുമെന്നും റവന്യൂ അധികൃതർ പറഞ്ഞു.