ചെങ്ങന്നൂർ: ഉമയാറ്റുകര സർവീസ് സഹകരണ ബാങ്കിലെ അഴിമതിയുമായി ബന്ധപ്പെട്ട് സി.പി.എം നെതിരെ കോൺഗ്രസും ബി.ജെ.പിയും നടത്തുന്ന പ്രസ്താവനകൾ ഇവർ ഒന്നിച്ചു നടത്തിയ അഴിമതികൾ മറയ്ക്കാനാണെന്ന് സി.പി.എം ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം.എച്ച് റഷീദ് പറഞ്ഞു. സംസ്ഥാനത്ത് പരസ്യമായി ബി.ജെ.പി, കോൺഗ്രസ് കൂട്ടുകെട്ട് ഉണ്ടായ 2014-2019കാലയളവിൽ യു.ഡി.എഫ് ,ബി.ജെ.പി അംഗങ്ങൾ മാത്രമാണ് ബാങ്ക് ഭരണ സമിതിയിൽ ഉണ്ടായിരുന്നത്. ഈ ഭരണ സമിതി എല്ലാ തീരുമാനങ്ങളും പരസ്പരം ചർച്ച ചെയ്ത ശേഷമാണ് കൈക്കൊണ്ടിട്ടുള്ളത്. ബി.ജെ.പിയുടെ ആലപ്പുഴ മുൻ സംസ്ഥാന, ജില്ലാ ഭാരവാഹികൾ , ബ്ലോക്കു, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ എന്നിവർ ഉൾപ്പെടുന്ന ഭരണ സമിതിയാണ് അന്ന് ഉണ്ടായിരുന്നത്. ഇവർ ഈ കാലയളവിൽ ബാങ്കിന്റെ തീരുമാനങ്ങൾക്ക് യാതൊരു വിവേചനക്കുറിപ്പും മിനിട്ട്‌സിൽ രേഖപ്പെടുത്തിയിട്ടുമില്ല. മാത്രമല്ല ഇരുകൂട്ടരുടെയും ബന്ധുക്കളുടെ പേരിലെടുത്ത ലക്ഷങ്ങളുടെ വായ്പകളുടെ കണക്കും ഇവർ പരസ്പരം ആരോപിക്കുന്നു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നതാണ് സി.പി.എം ന്റെ നിലപാട്.