കോന്നി: കയറ്റുകൂലി തർക്കത്തെ തുടർന്ന് തൊഴിൽ സ്തംഭനമുണ്ടായ കോന്നി വനം ഡിവിഷനിലെ തവളപ്പാറ തേക്ക് കുപ്പിൽ ലോഡിംഗ് ജോലികൾ പുനരാരംഭിച്ചു. കോടതി നിർദ്ദേശം പ്രകാരം യുണിയൻ നേതാക്കളും തൊഴിലുടമകളും ഒത്തു തീർപ്പിലെത്തുകയായിരുന്നു .ജനുവരിയിൽ ഉടലെടുത്ത തർക്കത്തിനാണ് പരിഹാരമുണ്ടായത് . 1954 ൽ നട്ടുപിടിപ്പിച്ച തേക്കുതോട്ടം അന്തിമവെട്ടു നടത്തി ശേഖരിച്ച തടി വാഹനത്തിൽ കയറ്റുന്നതിന് തൊഴിലാളികൾ ആവശ്യപ്പെടുന്ന കൂലി അംഗികരിക്കാനാവത്തതാണെന്ന് ആരോപിച്ചാണ് കരാറുകാർ ഹൈക്കോടതിയെ സമീപിച്ചത്. കോടതി ഇവർക്ക് പൊലീസ് സംരക്ഷണം അനുവദിച്ചു. കേസിൽ കക്ഷി ചേർന്ന ട്രേഡ് യുണിയൻ നേതാക്കൾ, പത്തനംതിട്ട ജില്ലാ ലേബർ ഓഫീസർ പരിഗണിച്ചു കൊണ്ടിരിക്കുന്ന വിഷയത്തിൽ തങ്ങളുടെ ഭാഗം കേൾക്കാതെ പൊലീസ് സംരക്ഷണം നൽകിയത് അന്യായമാണെന്ന് വാദിച്ചു. തുടർന്ന് രണ്ടാഴ്ചക്കകം ഒത്തുതീർപ്പിലെത്താൻ ശ്രമം നടത്തണമെന്ന് ഹൈക്കോടതി ജില്ലാ ലേബർ ഓഫീസർക്ക് നിർദ്ദേശം നൽകി. ലേബർ ഒാഫീസർ ഇടപെട്ട് പുതിയ കൂലിനിരക്ക് പ്രഖ്യാപിച്ചു.
നാലാംതരം തേക്ക് തടിക്ക് ക്യുബിക് മീറ്ററിന് 3000 രൂപ , തേക്ക് കഴ രണ്ടാംതരാം 50 എണ്ണത്തിന് 30100 , മൂന്നാംതരം 100 എണ്ണത്തിന് 30150 , നാലാംതരം 200 എണ്ണത്തിന് 30200 , അഞ്ചാംതരം 400 എണ്ണത്തിന് 30300 ,വിറക് ഒരു മെട്രിക് ടൺ 900 രൂപ എന്നിങ്ങനെയായിരുന്നു ലോഡിംഗ് കൂലി നിരക്ക് നിശ്ചയിച്ചത് . ഈ കൂലി 2018 ൽ ജില്ലാ ലേബർ ഓഫീസർ തന്നെ വടശേരിക്കര ഫോറസ്റ്റ് റേഞ്ചിൽ ഉണ്ടാക്കിയ കരാറിൽ ഉള്ളതിനേക്കാൾ കുറവാണെന്ന് കാട്ടി തിരുവനന്തപുരം ഡെപ്യുട്ടി ലേബർ കമ്മിഷണർക്ക് തൊഴിലാളികൾ അപ്പീൽ നൽകി. കൂലി വർദ്ധനവ് നിശ്ചയിക്കപ്പെട്ടാൽ പ്രസ്തുത കൂലി പീന്നിട് നൽകാമെന്ന് കരാറുകാർ കോടതിയിൽ സമ്മതിച്ചതോടെയാണ് ഒത്തുതീർപ്പായത്. തൊഴിലാളി സംഘടനാ നേതാക്കളായ ജ്യോതിഷ് കുമാർ മലയാലപ്പുഴ (ഐ. എൻ. ടി.യു സി ) എം . എസ് ഗോപിനാഥൻ(സി .ഐ . ടി . യു ) എം.വി വിദ്യാധരൻ(എ . ഐ . ടി . യു . സി ), എൻ എസ്.രവിന്ദ്രൻ പിള്ള (ബി . എം .എസ്) എന്നിവരും കരാറുകാരുടെ പ്രതിനിധികളായ എൻ കെ പ്രേം നാഥ് ,അബ്ദുൽ റഫീക്ക് അലി,പി സി മൊയ്ദീൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു .ജില്ലാ ലേബർ ഓഫീസറുടെ ചില പരാമർശങ്ങൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള യുണിയനുകളുടെ ഹർജിയിൽ ഹൈക്കോടതിയിൽ കേസ് തുടരുന്നുണ്ട്. കൂലിനിരക്കിനെ സംബന്ധിച്ചുള്ള അപ്പീൽ അപേക്ഷയിൽ ഈ മാസം 18 ന് ഡെപ്യുട്ടി ലേബർ കമ്മിഷണർ ഇരു കൂട്ടരുടെയും വാദം കേൾക്കും .