rr

ഒരു വർഷത്തിനിടെ ജില്ലയിൽ 60 ശതമാനം മഴയുടെ കുറവ്

കോന്നി : തകർത്ത് പെയ്യേണ്ട തുലാമഴയും ചതിച്ചതോടെ ജില്ലയിൽ ഒരു വർഷത്തിനിടെ സംഭവിച്ചത് 60 ശതമാനം മഴയുടെ കുറവ്. മുൻവർഷങ്ങളിൽ 37 ശതമാനം വരെ അധിക മഴ ലഭിച്ചിരുന്ന ജില്ലയാണ് പത്തനംതിട്ട. കനത്ത മഴയും വെള്ളപ്പൊക്കവുമൊക്കെ കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായിട്ടും ഇപ്പോൾ നാട് വെന്തുരുകുകയാണ്. പകൽ അന്തിയോളം താപനില 36 ഡിഗ്രിവരെ ഉയർന്നു നിൽക്കുന്നു.

ന്യൂനമർദ്ദത്തെ തുടർന്ന് ചിലയിടങ്ങളിൽ മഴ ലഭിക്കുന്നത് വൈകുന്നേരങ്ങളിലെ ചൂടിന്‌ നേരിയ ആശ്വാസമാണെങ്കിലും ഉയർന്ന പ്രദേശങ്ങളിലെ ജലക്ഷാമം ഉൾപ്പടെയുള്ളവയ്ക്ക് പരിഹാരമായിട്ടില്ല. ഭൂമിയിലേക്ക് ജലം താഴ്ന്നിറങ്ങാൻ പാകത്തിൽ മഴ ലഭിച്ചിട്ടുമില്ല. കാർഷികമേഖലയ്ക്ക് മാത്രമാണ്‌ മഴനേരിയ ആശ്വാസമായത്.

വല്ലാത്ത ചൂട്

അന്തരീക്ഷ താപനില ഉയർന്നതോടെ സൂര്യാതപമുൾപ്പെടെയുള്ള പ്രശ്‌നങ്ങൾ നേരിടാനുള്ള സാദ്ധ്യതയും കൂടുതലാണ്.

ചൂടിന്റെ കാഠിന്യം അപ്രതീക്ഷിതമായി വർദ്ധിക്കുന്നത് സൂര്യാതപത്തിന് സാദ്ധ്യത ഉണ്ടാക്കുമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്. അന്തരീക്ഷ താപം ഒരു പരിധിക്കപ്പുറം ഉയർന്നാൽ മനുഷ്യ ശരീരത്തിലെ താപനിയന്ത്റണ സംവിധാനങ്ങൾ തകരാറിലാവും.

ജല മലനീകരണം ഒഴിവാക്കണം. ചൂടിന് കാഠിന്യം കൂടുമ്പോൾ ധാരാളം വെള്ളം കുടിക്കണം. ദാഹംതോന്നുന്നില്ലെങ്കിൽപോലും ഓരോ മണിക്കൂറിലും രണ്ട് മുതൽ നാല് ഗ്ലാസ് വെള്ളം കുടിക്കണം. വെയിലത്ത് പണി ചെയ്യേണ്ടിവരുന്നവർ ജോലി സമയം ക്രമീകരിക്കണം. കനത്ത വെയിലിൽ ജോലി ചെയ്യുമ്പോൾ ഇടയ്ക്കിടെ തണലിലേക്ക് മാറി നിൽക്കുകയും വെള്ളം കുടിക്കുകയും ചെയ്യണം. കുട്ടികളെ വെയിലത്ത് കളിക്കാൻ അനുവദിക്കരുത്. ത്വക്കിലും ശരീരത്തിലും അസ്വസ്ഥതകൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ ഉടനെ വെയിലിൽ നിന്ന് മാറിനിൽക്കണം. തണുത്ത വെള്ളം കൊണ്ട് ശരീരം തുടയ്ക്കണം. കൈകാലുകളും മുഖവും ഇടയ്ക്കിടെ കഴുകണം.