പത്തനംതിട്ട: പൊതുഗതാഗതം പുനരാരംഭിച്ചെങ്കിലും ഓട്ടോ ഡ്രൈവർമാരുടെ ദുരിതം മാറിയിട്ടില്ല. ബസില്ലെങ്കിൽ സ്വന്തം വാഹനത്തിലോ മറ്റ് സ്വകാര്യ വാഹനങ്ങളിലോ ആണ് ഭൂരിഭാഗം ആളുകളും യാത്ര ചെയ്യുന്നത്. ഒാട്ടോറിക്ഷാ യാത്രക്കാരുടെ എണ്ണം കുറഞ്ഞു. പത്തനംതിട്ട നഗരത്തിൽ മാത്രം ആയിരത്തിലധികം ഓട്ടോകളുണ്ട്. ഇതിനിടയിൽ
ജനുവരി ഒന്നുമുതൽ ഡീസൽ ഓട്ടോകൾ പൊതുഗതാഗതത്തിന് ഉപയോഗിക്കാനാവില്ലെന്ന ഉത്തരവും വന്നു. ഇത് നടപ്പാക്കിയാൽ ജില്ലയിൽ നിരവധി ഓട്ടോഡ്രൈവർമാർക്ക് ജീവനോപാധി നഷ്ടമാകും. ചിലരുടെ ഓട്ടോറിക്ഷകൾക്ക് പതിനഞ്ച് വർഷത്തിലേറെ പഴക്കമുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ മാറ്റി വാങ്ങാൻ സാധിക്കില്ല. ഡീസൽ ഓട്ടോകൾ വൈദ്യുതി, എൽ.പി.ജി, സി.എൻ.ജി, എൽ.എൻ.ജി എന്നിങ്ങനെ മാറ്റിയാൽ ഉപയോഗിക്കാം. എന്നാൽ അതുചെയ്യുന്ന പണം കൊണ്ട് പുതിയ ഒരു ഓട്ടോ വാങ്ങാമെന്ന് ഡ്രൈവർമാർ പറയുന്നു. കൊവിഡും ലോക്ക് ഡൗണും മൂലം ഏറെ ദുരിതമാണ് ഒാട്ടോറിക്ഷാ തൊഴിലാളികൾ അനുഭവിക്കുന്നത്.
ഒാട്ടോറിക്ഷകളിൽ കൊവിഡ് പ്രതിരോധ ഷീൽഡുകൾ അണുവിമുക്തമാക്കാതെ കിടക്കുകയാണ്. ഇത് കാരണം ആളുകൾ കയറാൻ മടിക്കുന്നുണ്ട്. ഇവ വൃത്തിയാക്കി അണുവിമുക്തമാക്കാൻ പല ഓട്ടോ റിക്ഷക്കാരും മെനക്കെടാറില്ല.
--------------
"ഓട്ടോറിക്ഷകളുടെ നിരക്ക് വർദ്ധിപ്പിച്ചിട്ടില്ല. ഓട്ടം കുറവാണ്. ജില്ലയിൽ അയ്യായിരത്തിലധികം ഓട്ടോ റിക്ഷ ഡ്രൈവർമാരുണ്ട്. ഒരു സ്റ്റാൻഡിൽ നൂറിലധികം ഓട്ടോകൾവരെയുണ്ട്. വലിയ പ്രതിസന്ധിയിലാണ് ഡ്രൈവർമാർ. "
കെ.സി സൈമൺ
(ഓട്ടോ റിക്ഷാ ഡ്രൈവർ)