തിരുവല്ല: യാത്രക്കാരെ അപകടക്കെണിയിലാക്കിയ കാവുംഭാഗത്തെ പൈപ്പ് പൊട്ടൽ ജല അതോറിറ്റി അധികൃതർ പരിഹരിച്ചു. തിരുവല്ല - മാവേലിക്കര സംസ്ഥാന പാതയിൽ കാവുംഭാഗം ജംഗ്ഷന് സമീപം ഒരാഴ്ചയിലേറെയായി പൈപ്പ് പൊട്ടി രൂപപ്പെട്ട കുഴി യാത്രക്കാരെ അപകടത്തിലാക്കിയിരുന്നു. ഗതാഗതക്കുരുക്കും കുടിവെള്ള പൈപ്പ് പൊട്ടിയുണ്ടായ കുഴിയും വെള്ളക്കെട്ടും മൂലമുള്ള യാത്രാ ദുരിതവും അപകട ഭീഷണിയും ചൂണ്ടിക്കാട്ടി കേരളകൗമുദി കഴിഞ്ഞദിവസം വാർത്ത പ്രസിദ്ധീകരിച്ചതിനെ തുടർന്നാണ് അധികൃതരുടെ ഇടപെടൽ ഉണ്ടായത്. തിരുവല്ല ജലസംഭരണിയിൽ നിന്നും കുട്ടനാട് പ്രദേശത്തേക്ക് വെള്ളം കൊണ്ടുപോകുന്ന 500 എം.എമ്മിന്റെ പ്രധാന പൈപ്പിലാണ് ചോർച്ചയുണ്ടായത്. പൈപ്പ് പൊട്ടിയൊഴുകി ഗർത്തം രൂപപ്പെട്ട ഭാഗം ജെ.സി.ബി ഉപയോഗിച്ച് കുഴിച്ചാണ് പരിശോധന നടത്തിയത്. പൈപ്പുകൾ തമ്മിൽ ചേരുന്ന ഭാഗത്ത് രൂപപ്പെട്ട ചോർച്ചയാണ് പ്രശ്നമായത്. ഇന്നലെ രാവിലെ തുടങ്ങിയ അറ്റകുറ്റപ്പണികൾ ഉച്ചയോടെ ചോർച്ച പരിഹരിച്ചു.