vv

പത്തനംതിട്ട : തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിൽ മുന്നണികളിൽ ചർച്ച തകൃതി. കേരള കോൺഗ്രസ് (എം)നും അർഹിക്കുന്ന പ്രാധാന്യം നൽകാനാണ് എൽ.ഡി.എഫ് ശ്രമം. കേരള കോൺഗ്രസ് (എം)ന്റെ കൈവശമിരുന്ന സീറ്രുകളെ ചൊല്ലായാണ് യു.ഡി.എഫിൽ ചർച്ച. സ്ഥാനാർത്ഥി മോഹികളുടെ എണ്ണം കൂടിയതും നേതൃത്വത്തിന് തലവേദനയായി. ബി.ജെ.പിയിൽ സീറ്റുകളുടെ കാര്യത്തിൽ ഏകദേശ ധാരണ ആയെങ്കിലും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

ഗ്രാമപഞ്ചായത്ത് സ്ഥാനാർത്ഥി നിർണയം 95 ശതമാനം പൂർത്തിയായതായി എൽ.ഡി.എഫ് കൺവീനർ അലക്സ് കണ്ണമല പറഞ്ഞു. യു.ഡി.എഫിൽ ചിലയിടങ്ങളിൽ സ്ഥാനാർത്ഥികളായെന്നും ഘടക കക്ഷികളുടെ കാര്യത്തിൽ ചർച്ചകൾ നടന്നു കൊണ്ടിരിക്കുകയാണെന്നും ജില്ലാ ചെയർമാൻ വിക്ടർ ടി. തോമസ് പറഞ്ഞു. ഗ്രാമപഞ്ചായത്ത് , ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികളെ തീരുമാനിച്ചെന്നും ബ്ലോക്കിന്റെ ചർച്ചകൾ നടക്കുകയാണെന്നും ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് പി.ആർ ഷാജി പറഞ്ഞു.

എൽ.ഡി.എഫ് ബ്ലോക്ക് പഞ്ചായത്ത് ഘടകകക്ഷി സീറ്റുകൾ

മല്ലപ്പള്ളി - ആകെ സീറ്റ് 13- സി.പി.എം : 7, സി.പി.ഐ : 2, കേരളകോൺഗ്രസ് (എം) : 2, ജനതാദൾ : 1, എൻ.സി.പി : 1

പുളിക്കീഴ് : 13 -സി.പി.എം : 6, സി.പി.ഐ : 2, കേരളകോൺഗ്രസ് (എം) : 2, ജനതാദൾ : 1, എൻ.സി.പി : 1, സ്വതന്ത്രൻ : 1

കോയിപ്രം -13- സി.പി.എം : 8, സി.പി.ഐ : 2. കേരളകോൺഗ്രസ് (എം) : 2, സ്വതന്ത്രൻ :1

ഇലന്തൂർ : 13- സി.പി.എം : 7, സി.പി.ഐ : 3, കേരളകോൺഗ്രസ് (എം) : 2, എൻ.സി.പി : 1

റാന്നി - 13- സി.പി.എം : 8, സി.പി.ഐ : 4, കേരളകോൺഗ്രസ് (എം) :1

കോന്നി : 13- സി.പി.എം : 8, സി.പി.ഐ : 3, കേരളകോൺഗ്രസ് (എം) : 1, എൽ.ജെ.ഡി : 1

പന്തളം : 13- സി..പി.എം : 9, സി.പി.ഐ : 3, കേരളകോൺഗ്രസ് (എം) :1

പറക്കോട് : 15- സി.പി.എം : 10, സി.പി.ഐ : 5

സംവരണ വാർഡുകൾ: മൈലപ്രയിലും

അയിരൂരിലും വീണ്ടും നറുക്കെടുപ്പ്

മൈലപ്ര, അയിരൂർ ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാർഡുകൾ നിശ്ചയിക്കാൻ വീണ്ടും നറുക്കെടുപ്പ് നടത്തി. നേരത്തെ നടന്ന നറുക്കെടുപ്പിൽ മൈലപ്രയിലെ ഏഴാം വാർഡും, അയിരൂരിലെ 11ാം വാർഡും തുടർച്ചയായി മൂന്നാം തവണയും സംവരണ വാർഡായി തിരഞ്ഞെടുത്ത സാഹചര്യത്തിൽ ഹൈക്കോടതിയുടെയും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെയും നിർദേശപ്രകാരമാണ് വീണ്ടും നറുക്കെടുപ്പ് നടത്തിയത്.
പുനർ നറുക്കെടുപ്പ് പ്രകാരം മൈലപ്ര ഗ്രാമപഞ്ചായത്തിൽ വാർഡ് ഒന്ന് (പേഴുംകാട്), രണ്ട് (മേക്കൊഴൂർ), നാല് (മണ്ണാറക്കുളഞ്ഞി), അഞ്ച് (പഞ്ചായത്ത് വാർഡ്), ആറ് (കാറ്റാടി വലിയതറ), 10 (കാക്കാംതുണ്ട്), 13 (മുള്ളൻകല്ല് ) എന്നിവ സ്ത്രീസംവരണ വാർഡുകളായും വാർഡ് 11 (ഇടക്കര) പട്ടികജാതി സംവരണ വാർഡായും തെിഞ്ഞെടുത്തു.
അയിരൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് ഒന്ന് (ഇട്ടിയപ്പാറ), രണ്ട് (കടയാർ), നാല് (പന്നിക്കുന്ന്), അഞ്ച് (പൊടിപ്പാറ), എട്ട് (ഇടപ്പാവൂർ), ഒമ്പത് (കൈതകോടി), 15 (കാഞ്ഞീറ്റുകര), 16 (തടിയൂർ) എന്നിവ സ്ത്രീ സംവരണ വാർഡുകളും വാർഡ് ആറ് (പ്ലാങ്കമൺ) പട്ടികജാതി സംവരണ വാർഡായും തിരഞ്ഞെടുത്തു.

-------------

യോഗം ഇന്ന്

തിരഞ്ഞെടുപ്പിന്റെ ക്രമീകരണങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ഇന്ന് വൈകിട്ട് നാലിന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. കോവിഡ് മാനദണ്ഡങ്ങൾ പ്രകാരം ഒരു രാഷ്ട്രീയ പാർട്ടിയുടെ ഒരു പ്രതിനിധിക്ക് യോഗത്തിൽ പങ്കെടുക്കാം.

---------------

പത്രിക ഇന്നുമുതൽ 19 വരെ പത്രിക സമർപ്പിക്കാം

തദ്ദേശ പൊതുതിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക ഇന്ന് മുതൽ 19 വരെ സമർപ്പിക്കാം. രാവിലെ 11 മുതൽ വൈകിട്ട് മൂന്നു വരെ ഫോറം 2 ൽ പത്രിക സമർപ്പിക്കാം.
ഫോറം നമ്പർ 2എ യിൽ സ്ഥാനാർത്ഥിയുടെ വിദ്യാഭ്യാസ യോഗ്യത, സ്ഥാനാർത്ഥിയുടെയും കുടുംബാംഗങ്ങളുടെയും സ്വത്ത്/ബാദ്ധ്യതാ, നോമിനേഷൻ സമയത്തെ ക്രിമിനൽ കേസ് തുടങ്ങിയ വിവരങ്ങൾ, സ്ഥാനാർത്ഥി വേറെ വാർഡുകാരനെങ്കിൽ താൻ വോട്ടറായ വാർഡിലെ വോട്ടർ പട്ടികയുടെ പകർപ്പ് ,സ്ഥാനാർത്ഥി പട്ടിക ജാതി, പട്ടിക വർഗ വിഭാഗത്തിൽപ്പെടുന്ന ആളെങ്കിൽ തഹസിൽദാർ നൽകുന്ന ജാതി സർട്ടിഫിക്കറ്റ്, നിക്ഷേപ തുക ഒടുക്കിയതിനുള്ള തെളിവ്(ഗ്രാമപഞ്ചായത്തിന് 1000, ബ്ലോക്ക്/ നഗരസഭ 2000, ജില്ല പഞ്ചായത്തിന് 3000 രൂപ എന്ന ക്രമത്തിൽ ബന്ധപെട്ട തദ്ദേശ സ്ഥാപനത്തിൽ തന്നെ ഒടുക്കിയ രസീത്) എന്നിവ സമർപ്പിക്കണം. പട്ടിക വിഭാഗത്തിൽപെട്ടവർക്ക് പകുതി തുക അടച്ചാൽ മതി.

സൂക്ഷ്മപരിശോധന 20

സ്ഥാനാർത്ഥിത്വം പിൻവലിക്കാനുളള അവസാന തീയതി 23

തിരഞ്ഞെടുപ്പ് ഡിസംബർ 8

വോട്ടെണ്ണൽ ഡിസംബർ 16
തിരഞ്ഞെടുപ്പ് ചെലവ് കണക്ക് സമർപ്പിക്കാനുള്ള അവസാന തീയതി ജനുവരി 14