പമ്പ: മണ്ഡല-മകര വിളക്ക് തീർത്ഥാടനം തുടങ്ങാൻ രണ്ടു ദിവസം കൂടി ശേഷിക്കെ, ആളനക്കമില്ലാതെ നിലയ്ക്കലും പമ്പയും. കൊവിഡ് പശ്ചാത്തലത്തിൽ തീർത്ഥാടകരുടെ എണ്ണം പ്രതിദിനം ആയിരമായി നിയന്ത്രിച്ചിട്ടുള്ളതിനാൽ മുൻ വർഷങ്ങളിലെപ്പോലെ മുന്നൊരുക്കങ്ങളില്ല. പ്രധാന ഇടത്താവളമായ നിലയ്ക്കൽ വിജനമാണ്. പമ്പയിൽ മണൽപ്പുറത്ത് നിന്ന് പ്രളയാവശിഷ്ടങ്ങൾ നീക്കി നിരപ്പാക്കുന്ന ജോലികളും കുളിക്കടവുകളുടെ നിർമ്മാണവും നടക്കുന്നു. കടകളെല്ലാം പന്നികൾ തകർത്ത നിലയിലാണ്.
കടകൾ ഒന്നും ലേലത്തിൽ പോയിട്ടില്ല. തിരുവനന്തപുരത്ത് ഇന്ന് തുറന്ന ലേലം വച്ചിട്ടുണ്ട്. പണം മുടക്കി ഉപയോഗിക്കുന്ന ടോയ്ലെറ്റ് കോംപ്ളക്സുകളും ലേലം പോയിട്ടില്ല. ആരും ഏറ്റെടുത്തില്ലെങ്കിൽ ദേവസ്വം ബോർഡ് നേരിട്ട് നടത്തും.
മുൻ വർഷങ്ങളിൽ ഇതായിരുന്നില്ല സ്ഥിതി. കടകളും ടോയ്ലെറ്റ് കോംപ്ളക്സുകളും മറ്റും നവീകരിക്കുന്നതിന്റെ ഭാഗമായി പമ്പയും നിലയ്ക്കലും തൊഴിലാളികളെക്കൊണ്ട് നിറഞ്ഞിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ശബരിമല തീർത്ഥാടന അവലോകനയോഗങ്ങളും ഇക്കുറി നടന്നില്ല. ഇന്ന് ഉച്ചയ്ക്ക് മൂന്നിന് ഓൺലൈനായി ജില്ലാ കളക്ടർ പി.ബി. നൂഹിന്റെ അദ്ധ്യക്ഷതയിൽ ഉദ്യോഗസ്ഥരുടെ യോഗം ചേരും.
കെ.എസ്.ആർ.ടി.സി യാർഡ് കാടുകയറി കിടക്കുന്നു. ബസ് സ്റ്റേഷൻ അറ്റകുറ്റപ്പണി തുടങ്ങിയിട്ടേയുള്ളൂ. താത്കാലിക പൊലീസ് സ്റ്റേഷൻ അടഞ്ഞു കിടക്കുന്നു. ശബരിമല സ്പെഷ്യൽ ഡ്യൂട്ടിക്കായി നിയോഗിക്കപ്പെടുന്ന പൊലീസുകാരുടെ എണ്ണത്തിൽ തീരുമാനമായില്ല. പൊലീസ് ബാരക്കുകളുടെ അറ്റകുറ്റപ്പണി നടക്കുന്നു. 260 ടോയ്ലെറ്റുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാകുന്നു.
പുതിയ നിർമ്മാണ പ്രവൃത്തികളില്ല. മാളികപ്പുറത്തിന് സമീപത്തെ അന്നദാനമണ്ഡപം തുറക്കും. നടപ്പന്തലിനോട് ചേർന്ന് 400 ടോയ്ലെറ്റുകൾ പ്രവർത്തിക്കും. ലേലംകൊള്ളാൻ ആളില്ലെങ്കിൽ ദേവസ്വം ബോർഡ് നേരിട്ട് നടത്തും. പമ്പ - സന്നിധാനം പാതയിൽ ബയോ ടോയ്ലെറ്റുകളുണ്ടാകും.