ശബരിമല: മണ്ഡല മകരവിളക്ക് തീർഥാടന കാലത്ത് കൊവിഡ് 19 വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകേന്ദ്രത്തിന്റെ നേതൃത്വത്തിൽ ജില്ലാ മെഡിക്കൽ ഓഫീസ്, നാഷണൽ ഹെൽത്ത് മിഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ 'കരുതലോടെ ശരണയാത്ര' എന്ന പേരിൽ പ്രത്യേക ബോധവത്ക്കരണ കാമ്പയിൻ സംഘടിപ്പിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ.എൽ. ഷീജ അറിയിച്ചു. കാമ്പയിന്റെ ഉദ്ഘാടനം 13ന് രാവിലെ 11ന് കളക്ടറേറ്റിൽ നടക്കുന്ന ചടങ്ങിൽ ജില്ലാ കളക്ടർ പി.ബി.നൂഹ് നിർവഹിക്കും. ലോകത്തിന്റെ പല ഭാഗങ്ങളിലും, മറ്റ് സംസ്ഥാനങ്ങളിലും തീർത്ഥാടനത്തോട് അനുബന്ധിച്ച് അതിതീവ്ര വ്യാപനം റിപ്പോർട്ട് ചെയ്തിട്ടുള്ളതിനാൽ ഇത്തവണത്തെ ശബരിമല തീർഥാടന കാലം സുരക്ഷിതമായിരിക്കാൻ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതുണ്ട്. സംസ്ഥാനത്തിന് അകത്തു നിന്നും പുറത്തു നിന്നും ഉള്ള നിരവധി ആളുകൾ തീർഥാടനത്തിന് എത്തിച്ചേരുന്ന സ്ഥലമാണ് ശബരിമല. തീർഥാടന കാലത്ത് അനുവർത്തിക്കേണ്ട കൊവിഡ് 19 മാനദണ്ഡങ്ങൾ പ്രചരിപ്പിച്ച് രോഗവ്യാപനം തടയുക, മല കയറുമ്പോൾ ശ്രദ്ധിക്കേണ്ട ആരോഗ്യകരമായ ശീലങ്ങൾ തീർഥാടകരിലേക്ക് എത്തിച്ചു കൊണ്ട് ഹൃദയാഘാതം, ശ്വാസതടസം എന്നിവ മൂലമുള്ള അപകടങ്ങൾ കുറയ്ക്കുക, ശബരിമല തീർഥാടനത്തോട് അനുബന്ധിച്ച് ആരോഗ്യവകുപ്പ് നടപ്പാക്കുന്ന സംവിധാനങ്ങളെ കുറിച്ച് തീർഥാടകർക്ക് അവബോധം നൽകുക എന്നീ ലക്ഷ്യങ്ങൾ മുൻ നിറുത്തിയാണ് കാമ്പയിൻ സംഘടിപ്പിക്കുന്നതെന്നും ഡി.എം.ഒ പറഞ്ഞു.