brush
കടപ്രയിൽ ചുവരെഴുത്ത് തുടങ്ങിയപ്പോൾ

തിരുവല്ല: തദ്ദേശ തിരഞ്ഞെടുപ്പിൽ ഫ്ളക്സുകൾക്കും പ്ലാസ്റ്റിക്കിനുമൊക്കെ കടുത്ത നിയന്ത്രണം വന്നതോടെ നഗര - ഗ്രാമ വ്യത്യാസമില്ലാതെ ചുവരെഴുത്തുകൾ വീണ്ടും സജീവമായി. ആവേശം നിറയ്ക്കാൻ സമൂഹ മാദ്ധ്യമങ്ങളിലൂടെയും ഒട്ടേറെ സ്ഥാനാർത്ഥികൾ പ്രചാരണം തുടങ്ങി. പെരിങ്ങര, കടപ്ര പഞ്ചായത്തുകളിൽ സ്ഥാനാർത്ഥികളെ തീരുമാനിച്ച ചില വാർഡുകളിലാണ് വിവിധ മുന്നണികളുടെ ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടത്. സംവരണ വാർഡുകളുടെ തീരുമാനം വന്നത് സ്ഥാനാർത്ഥി മോഹികളായ ഒട്ടേറെപ്പേരെ നിരാശരാക്കി. എങ്കിലും മറ്റു സീറ്റുകൾ നേടിയെടുത്ത് മത്സരിക്കാനും ചിലർ നെട്ടോട്ടം തുടങ്ങിയിട്ടുണ്ട്. ചുവരെഴുത്തുകൾ തുടങ്ങുംമുമ്പേ ഒട്ടുമിക്ക സ്ഥാനാർത്ഥികളും സമൂഹ മാദ്ധ്യമങ്ങൾ കൈപ്പിടിയിലാക്കി പ്രചരണം കൊഴുപ്പിക്കുകയാണ്. വ്യത്യസ്ഥതവും ആകർഷകമായ പോസ്റ്ററുകളും കൗതുകമുണർത്തുന്ന വീഡിയോകളും ഇറക്കി സമൂഹ മാദ്ധ്യമങ്ങളിൽ സ്ഥാനാർത്ഥിത്വം വൈറലാക്കാനും ചിലർ രംഗത്തിറങ്ങിയിരിക്കുകയാണ്. എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ മുന്നണികൾ ഔദ്യോഗിക സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ സ്ഥാനാർത്ഥിത്വം ഉറപ്പാക്കിയ മിക്കവരും വീടുകയറി പ്രചാരണവും ശക്തമാക്കിയിട്ടുണ്ട്. കൊവിഡ് കാരണം പഴയപോലെ ആളെക്കൂട്ടി പ്രചാരണം ആവശ്യമില്ലാത്തതിനാൽ അതിരാവിലെ തന്നെ വീടുകൾ കയറിയിറങ്ങുകയാണ് സ്ത്രീകൾ ഉൾപ്പെടെയുള്ള സ്ഥാനാർത്ഥികൾ. തർക്കമുള്ള ചില സീറ്റുകളിലും സ്ഥാനാർത്ഥിത്വം ഉറപ്പിച്ച് സ്വമേധയാ ചിലർ പ്രചരണം തുടങ്ങിയത് മുന്നണികളിലും ആശങ്കയുയർത്തിട്ടുണ്ട്.