ഇന്നലെ കണ്ടത് പെരുമ്പാമ്പിനെ
പത്തനംതിട്ട : പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിൽ എത്തുന്നവരുടെ ശ്രദ്ധയ്ക്ക്. സൂക്ഷിക്കണം. പാമ്പുകളുടെ പട തന്നെയുണ്ട് തൊട്ടടുത്ത്. സ്റ്റാൻഡിന് മുന്നിൽ കാടുപിടിച്ച് കിടക്കുന്ന ചതുപ്പ് സ്ഥലമാണ് പാമ്പുകളുടെ താവളം. ഇന്നലെ രാവിലെ റോഡിലേക്കിഴഞ്ഞെത്തിയ പെരുമ്പാമ്പ് , യാത്രക്കാരെയും നാട്ടുകാരെയും പരിഭ്രാന്തിയിലാക്കി. ബഹളത്തെ തുടർന്ന് പെരുമ്പാമ്പ് തിരികെ ചതുപ്പിലേക്ക് തന്നെപോയി. രാവിലെ 9.30നായിരുന്നു സംഭവം.കോന്നിയിൽ നിന്ന് വനപാലകർ എത്തിയെങ്കിലും പെരുമ്പാമ്പിനെ കണ്ടെത്താനായില്ല. ചതുപ്പായതിനാൽ ഇറങ്ങി പരിശോധിക്കാനും ബുദ്ധിമുട്ടാണ്.
നിരവധി യാത്രക്കാർ ഏത്തുന്ന സ്റ്റാൻഡിലെ ഇൗ സ്ഥിതിക്ക് പരിഹാരം കാണാൻ നടപടി വൈകുകയാണ്. രാത്രിയിലും പകലും ബസ് സ്റ്റാൻഡിന് മുമ്പിലെ ഓപ്പൺ സ്റ്റേജിൽ ആളുകൾ വിശ്രമിക്കാറുമുണ്ട്. ..
അനാസ്ഥയുടെ കൊടുംകാട്
ബസ് സ്റ്റാൻഡ് പരിസരം മുഴുവൻ കാട് വളർന്നുനിൽക്കുകയാണ്. മാലിന്യങ്ങളും കുന്നുകൂടി കിടപ്പുണ്ട് . ശുചീകരണം കാര്യക്ഷമമായി നടക്കാറില്ല. സന്ധ്യ കഴിഞ്ഞാൽ ലൈറ്റുകൾ പ്രകാശിക്കാത്തതും ദുരിതമാകുന്നുണ്ട്. റിംഗ് റോഡിലും കാട് വളർന്നുനിൽക്കുകയാണ്. ശബരിമല തീർത്ഥാടനകാലം അടുത്തിട്ടും ജില്ലാ ആസ്ഥാനത്തെ ബസ് സ്റ്റാൻഡും പരിസരവും വൃത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. ഞായറാഴ്ച ശബരിമല നടതുറക്കുമ്പോൾ മുതൽ തീർത്ഥാടകർ എത്തിത്തുടങ്ങും. സ്റ്റാൻഡിലും പരിസരത്തും നിരവധിയാളുകൾ വിശ്രമിക്കാനായി ഇരിക്കാറുണ്ട്. ധാരാളം വ്യാപാര സ്ഥാപനങ്ങളും ഹോട്ടലുകളും ഇവിടെയുണ്ട്. ഇതിനിടയിലാണ് പാമ്പുകൾ ഭീഷണിയാകുന്നത്.