2

ഇളമണ്ണൂർ: ജീവിതം കട്ടിലിൽ ആണെങ്കിലും ഇൗ കൊവിഡ് കാലത്തെ തിരഞ്ഞെടുപ്പിൽ ഷാജിക്ക് തിരക്ക് ഏറുകയാണ്. രാഷ്ട്രീയ വ്യത്യാസം ഇല്ലാതെ തിരക്കി വരുന്നവർ ഏറെയുണ്ട്. അവർക്കെല്ലാം വേണ്ടത് ഷാജി നിർമ്മിക്കുന്ന പേനകളാണ്. വെറും പേനകൾ അല്ല. പരിസ്ഥിതി സൗഹൃദ പേനകൾ. സ്ഥാനാർത്ഥിയുടെ പേരും ചിത്രവും ചിഹ്നവും ആലേഖനം ചെയ്ത പേനകൾ പ്രചാരണകാലത്തെ കൈപ്പിടിയിലാക്കിയിരിക്കുന്നു. ഇളമണ്ണൂർ പൂതങ്കര മൈലവേലിൽ ഷാജി (49) കഴിഞ്ഞ 20 വർഷമായി കിടപ്പിലാണ്. ഗുജറാത്തിൽ കമ്പനിയിൽ ജോലി ചെയ്യവെ വെൽഡിംഗ് പണിക്കിടെ വീണു നട്ടെല്ലിന് ക്ഷതം പറ്റുകയായിരുന്നു. ജീവിതം വഴിമുട്ടിയ നാളിൽ ഫേസ് ബുക്കിലൂടെയാണ് പേപ്പർ പേനകൾ നിർമ്മിക്കുന്ന വിദ്യ പഠിച്ചത്. നിർമ്മാണത്തിനാവശ്യമായ സാധനങ്ങൾ കൊറിയർ വഴി വരുത്തുകയാണ്. കൊവിഡ് കാലത്ത് കൊറിയർ മുടങ്ങിയതോടെ പേന നിർമ്മാണം തടസപ്പെട്ടു. പേപ്പർ കൊണ്ട് നിർമ്മിക്കുന്ന പേനയിൽ റീ ഫിൽ മാത്രമേ പ്ലാസ്റ്റിക്കുള്ളൂ. പേപ്പറിനുളളിൽ വിവിധയിനം പച്ചക്കറി വിത്തുകൾ നിറച്ചിട്ടുണ്ട്. മഷി തീർന്ന പേന ഉപേക്ഷിക്കുമ്പോൾ മണ്ണിൽ കിടന്ന് വിത്ത് മുളയ്ക്കും. അടുക്കളത്തോട്ടം എന്ന ആശയവും ഷാജിയുടെ പേനകൾ പകർന്നുനൽകുന്നു. അമ്മ ഗൗരിയും സഹായത്തിനുണ്ട്.

ഷാജിയുടെ പേനകൾ

വില : 6 രൂപ മുതൽ 8 വരെ

നിർമ്മാണ സാമഗ്രികൾ:

പേപ്പർ, റീഫില്ലർ, പച്ചക്കറി വിത്ത്

3000ൽ അധികം പേനകൾ വിറ്റു

ഫോൺ : 96055 85257