ele

കോന്നി : കൊറോണ വൈറസിനെ തുടർന്ന് നാട്ടാനകളിൽ ഏർപ്പെടുത്തിയ കൊവിഡ് നിരീക്ഷണം വിജയം. ഒരു ആനയിൽ പോലും കൊവിഡ് വൈറസ് ബാധ കണ്ടെത്താനായില്ല. മനുഷ്യരിൽ നിന്ന് മൃഗങ്ങളിലേക്ക് കൊറോണ വൈറസ് പടരില്ലെന്ന് പഠനങ്ങൾ വ്യക്തമാക്കിയിരുന്നെങ്കിലും ചില വളർത്തുമൃഗങ്ങളിലും രോഗലക്ഷണങ്ങൾ കണ്ടെത്തിയതോടെയാണ് നാട്ടനകളെയും നിരീക്ഷണത്തിലാക്കാൻ വനംവകുപ്പും എലിഫെന്റ് സ്ക്വാഡും മൃഗസംരക്ഷണ വകുപ്പും കൂട്ടായി തീരുമാനിച്ചത്. കേരളത്തിൽ 515 നാട്ടാനകളാണുള്ളത്. ഇതിൽ 396 കൊമ്പനും 97 പിടിയും 22 മോഴകളും ഉൾപ്പെടും. നിയന്ത്രണങ്ങൾ തുടരുന്നതിനാൽ എല്ലാ ആനകളും വിവിധ കേന്ദ്രങ്ങളിൽ വിശ്രമത്തിലാണ്. അടുത്തിടെ ചരിഞ്ഞ ആനകളിൽ ഉൾപ്പടെ പരിശോധന നടത്തയെങ്കിലും ഒരു നാട്ടാനയിലും കൊറോണ വൈറസിനെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് വനം വകുപ്പ് അവകാശപ്പെടുന്നു. എങ്കിലും നിരീക്ഷണങ്ങളും പരിശോധനകളും തുടരും. ചില പാപ്പാൻമാർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

വിവരങ്ങൾ വിരൽത്തുമ്പിൽ

ആനകളുടെയും ഉടമകളുടെയും പാപ്പാൻമാരുടെയും പേരുവിവരങ്ങൾ, ആനകളെ തിരിച്ചറിയാനുള്ള മൈക്രോചിപ്പ് വിവരങ്ങൾ എന്നിവയ്ക്ക് പുറമെ ആനകളുടെ ഡി.എൻ.എ പ്രൊഫൈൽ ഉൾപ്പടെയുള്ള വിശദാംശങ്ങളും വനം വകുപ്പിന്റെ കൈവശമുണ്ട്. ആനയുടെ ഉയരം, നീളം, തുമ്പികൈ, കൊമ്പ്, വാൽ എന്നിവയുടെ അളവ്, ചിത്രങ്ങൾ എന്നിവയെല്ലാം വനം വകുപ്പിന്റെ സെൻസറിലുണ്ട്. ഇവയെല്ലാം പ്രത്യേക ആപ്പിൽ ഉൾപ്പെടുത്തിയതിനാൽ ഓരോ ആനകളെയും തിരിച്ചറിയാൻ എളുപ്പമാണ്.

കൊവിഡ് പരിശോധന നടത്തിയ ആനകളുടെ

എണ്ണം ജില്ല തിരിച്ച് ചുവടെ

തൃശൂർ : 140

കോട്ടയം : 62

കൊല്ലം : 61

പാലക്കാട് : 55

തിരുവനന്തപുരം : 47

ഇടുക്കി : 48

പത്തനംതിട്ട : 23

എറണാകുളം : 23

ആലപ്പുഴ : 20

കോഴിക്കോട് : 12

വയനാട് : 10

മലപ്പുറം : 7

കണ്ണൂർ : 3