police
ചിറ്റയം ഗോപകുമാർ എം.എൽ.എ കൊടുമൺ പൊലീസ്റ്റേഷനിൽ കുത്തിയിരുന്നു പ്രതിഷേധിച്ചപ്പോൾ

കൊടുമൺ: ഭാര്യയെയും മക്കളെയും ആക്രമിച്ച ആളെ സംരക്ഷിക്കുന്ന പൊലീസ് നടപടിക്കെതിരെ കൊടുമൺ പൊലീസ് സ്റ്റേഷനിൽ ചിറ്റയം ഗോപകുമാർ എം. എൽ. എയുടെ പ്രതിഷേധം. ഇന്നലെ രാവിലെ പത്തരയോടാണ് എം.എൽ.എ സ്റ്റേഷനിലെത്തിയത്. ഐക്കാട് ചിരണിക്കൽ കോളനിയിൽ താമസിക്കുന്ന പുഷ്പലതയെയും രണ്ട് മക്കളെയും ഭർത്താവ് അജു മദ്യപിച്ച് വീട്ടിലെത്തി അക്രമിക്കുകയും വീട് തകർക്കുകയും ചെയ്ത സംഭവത്തിൽ പരാതി പറയാനായി പുഷ്പലത പലതവണ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടെങ്കിലും ഫോൺ എടുക്കാൻ പൊലീസുകാർ തയ്യാറായില്ലെന്നാണ് ആക്ഷേപം. അതേ സമയം അജു അറിയിച്ചതിനെ തുടർന്ന് അഡീഷണൽ എസ്. ഐ സുരേന്ദ്രൻ സ്ഥലത്തെത്തി അവിടെ കൂടിനിന്ന ആളുകളോട് കയർക്കുകയും പുഷ്പലതയേയും മക്കളെയും ഭീഷണിപ്പെടുത്തുകയും ചെയ്തത്രേ. തൊട്ടുപിന്നാലെ കൊടുമൺ എസ്. ഐ അനൂപും സ്ഥലത്തെത്തി ആളുകളെ അസ്യഭ്യം പറയുകയും അജുവിനെ ജീപ്പിൽ കയറ്റി സഹോദരിയുടെ വീട്ടിൽ കൊണ്ടുവിടുകയും ചെയ്തത്രേ. വിവരമറിഞ്ഞ ചിറ്റയം ഗോപകുമാർ എം. എൽ. എ അടൂർ ഡിവൈ.എസ്. പിയെ വിളിച്ച് കാര്യങ്ങൾ ധരിപ്പിച്ചിട്ടും ഇന്നലെ രാവിലെയും പൊലീസ് എത്തിയില്ല. തുടർന്ന് പുഷ്പലതയെയും മക്കളെയും പ്രദേശവാസികളെയും കൂട്ടി എം.എൽ.എ സ്റ്റേഷനിലെത്തി. എന്നിട്ടും പൊലീസ് നിസംഗത തുടർന്നതോടെയാണ് സ്റ്റേഷന് മുന്നിൽ ഇരുന്ന് എൽ. എൽ. എ പ്രതിഷേധിച്ചത്. പുഷ്പലതയെയും മക്കളെയും അധിക്ഷേപിച്ച എസ് ഐ അനൂപ്, അഡീഷണൽ എസ്.ഐ സുരേന്ദ്രൻ, ജീപ്പ് ഡ്രൈവർ എന്നിവർക്കെതിരെ നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിവരമറിഞ്ഞ് ഡിവൈ. എസ്. പി ബിനു സ്ഥലത്തെത്തി പുഷ്പലതയുടെ മൊഴിയെടുത്തു. പ്രതിയെ ഉടൻ കസ്റ്റഡിയിലെടുക്കുമെന്ന് ഉറപ്പ് നൽകിയതോടെയാണ് എം .എൽ. എ സമരം അവസാനിപ്പിച്ചത്. മുഖ്യമന്ത്രിക്കും ഡിജിപിക്കും ജില്ലാ പൊലീസ് സൂപ്രണ്ടിനും എം എൽ എ പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ഇരുചക്ര വാഹനത്തിന് ആവശ്യമില്ലാത്ത ബാഡ്ജിന്റെ പേരിൽ എൻജിനീയറിംഗ് വിദ്യാർത്ഥിയെ സ്റ്റേഷനിലെത്തിച്ച് കേസെടുത്തതിന് എസ്.ഐ അനൂപിനെതിരെ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തിരുന്നു.