പള്ളിക്കൽ : 23 വാർഡുകളുള്ള പളളിക്കൽ പഞ്ചായത്തിൽ വനിതാ സംവരണമായിരുന്നു നിലവിൽ പ്രസിഡന്റ് . നറുക്കെടുപ്പിൽ വീണ്ടും വനിതാസംവരണം പ്രസിഡന്റ പദത്തിന് വന്നു ചേർന്നതോടെ സി.പി.എം, കോൺഗ്രസ് എന്നീ കക്ഷികൾ പുരുഷൻമാർക്ക് മത്സരിക്കാമായിരുന്ന ജനറൽ സീറ്റുകൂടി വനിതയ്ക്കു കൈമാറിയുള്ള നീക്കമാണ് നടത്തുന്നത്.ഒന്നാം വാർഡിൽ നിലവിൽ കോൺഗ്രസിൽ നിന്നുള്ള പ്രസന്നകുമാരിയാണ് പഞ്ചായത്തംഗം.വാർഡ് ജനറൽ ആയിട്ടും ഇവിടെ പ്രസന്നകുമാരിയെ തന്നെയാണ് കോൺഗ്രസ് വീണ്ടും പരിഗണിക്കുന്നത്. മൂന്നാം വാർഡിൽ സി.പി.എംൽ നിന്നുള്ള വി.സുലേഖയാണ് വാർഡിനെ പ്രതിനിധീകരിക്കുന്നത്.നിലവിൽ വികസന കാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ കൂടിയാണ് സുലേഖ.വാർഡ് ജനറലായിട്ടും സി.പി.എമ്മും ഇവിടെ സുലേഖയെ തന്നെയാണ് കളത്തിലിറക്കിയിരിക്കുന്നത്. 23 വാർഡുകളുള്ള പള്ളിക്കലിൽ നിലവിലുള്ള ജനപ്രതിനിധികളിൽ ഇവർ രണ്ടു പേരാണ് പഞ്ചായത്തിലേക്ക് മത്സരിക്കുന്നത്.എന്നാൽ നിലവിലെ വൈസ് പ്രസിഡന്റ് എ.പി സന്തോഷ് ബ്ലോക്ക് പഞ്ചായത്തിലേക്ക് പഴകുളം ഡിവിഷനിൽ നിന്നും മത്സരിക്കുന്നു. കോൺഗ്രസിലെ ഡോ.പഴകുളം സുഭാഷാണ് എതിർസ്ഥാനാർത്ഥി. പെരിങ്ങനാട് ബ്ലോക്ക് ഡിവിഷനിൽ നിലവിൽ ബ്ലോക്ക് പഞ്ചായത്തംഗമായിരുന്ന ആശാ ഷാജി 14-ാം വാർഡിൽ നിന്നും പഞ്ചായത്തിലേക്ക് മത്സരിക്കുന്നു. പെരിങ്ങനാട് ബ്ലോക്ക് ഡി വിഷനിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി പി.ബി ബാബുവിനെ പ്രഖ്യാപിച്ചു. ഇവിടെ യു.ഡി.എഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അനന്തു ബാലനാണ് പരിഗണനയിൽ ഒന്നാമത്.ഗ്രൂപ്പ് സമവാക്യങ്ങൾ പാലിക്കാൻ മണ്ഡലത്തിന് പുറത്ത് നിന്നുള്ള ചില പേരുകളും പരിഗണിക്കുന്നു. ഇതിൽ വാർഡുപ്രസിഡന്റുമാർ മുതൽ എതിർ പറിയിച്ചതിനെ തുടർന്ന് അനിശ്ചിതത്വം തുടരുകയാണ്.ബ്ലോക്ക് പഞ്ചായത്ത് പള്ളിക്കൽ ഡിവിഷനിൽ സി.പി.എം.ൽ നിന്നുള്ള അഡ്വ.ആര്യാ വിജയനാണ് ഇടതുപക്ഷ സ്ഥാനാർത്ഥി .ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥി തീരുമാനമായില്ല.പഞ്ചായത്തിലെ മൂന്ന് ബ്ലോക്ക് ഡിവിഷനിലും ബി.ജെ.പി സ്ഥാനാർത്ഥികളായില്ല. പഞ്ചായത്ത് വാർഡുകളിൽ തെങ്ങമം കൊല്ലായ്ക്കൽ 20ാം വാർഡിൽ കോൺഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും സ്ഥാനാർത്ഥികളെ ഇതുവരെ തീരുമാനിച്ചിട്ടില്ല. ഇവിടെ ബി.ജെ.പി സ്ഥാനാർത്ഥിയായി വിജയകുമാർ പ്രചാരണ രംഗത്താണ്. ബാക്കി എല്ലാ വാർഡുകളിലും മത്സരം ചൂട് പിടിച്ചു തുടങ്ങി.