ചെങ്ങന്നൂർ: തിരഞ്ഞെടുപ്പുകളിൽ വാശിയേറിയ പോരാട്ടത്തിന് സാക്ഷ്യം വഹിക്കുന്ന ചെങ്ങന്നൂർ നഗരസഭയിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ മുന്നണികൾക്ക് അധികനാൾ ഭരണത്തിൽ തുടരാൻ കഴിയില്ലെന്നാണ് വിലയിരുത്തൽ. ഭരണസ്ഥിരതയില്ലായ്മ പതിവായ നഗരസഭയെന്ന ആക്ഷേപത്തിന് മാറ്റം ഉണ്ടായത് നിലവിലെ കൗൺസിലിന്റെ കാലത്ത് മാത്രമാണ്. ഇടതു മുന്നണിയിൽ നിന്ന് വലത് മുന്നണിയിലേക്കും തിരിച്ചും നിരവധി കൗൺസിലർമാർ വിവിധ കാലങ്ങളിൽ കൂറുമാറിയിട്ടുണ്ട് . ബി.ജെ.പി, ഒരേ കൗൺസിൽ കാലയളവിൽ രണ്ട് മുന്നണികൾക്ക് അനുകൂലമായി നിലപാട് സ്വീകരിച്ചതും ഒരുപക്ഷേ, ചെങ്ങന്നൂർ നഗരസഭയുടെ മാത്രം ചരിത്രമാണ്. സ്വതന്ത്രരുടെ മുന്നണി മാറ്റവും ഭരണമാറ്റത്തിന് നിരവധി തവണ വഴിയൊരുക്കിയിട്ടുണ്ട്.1978ലാണ് പഞ്ചായത്ത് നഗരസഭയാകുന്നത്. തുടക്കത്തിൽ ഒരു വർഷക്കാലം കേരളാ കോൺഗ്രസിലെ പി.കെ ജോൺ ചെയർമാൻ ആയപ്പോൾ തുടങ്ങിയ കൗൺസിൽമാരുടെ ചുവടുമാറ്റം ഇതിന് മുമ്പുള്ള കൗൺസിലിന്റെ കാലത്തുവരെ തുടരുകയായിരുന്നു. 2010 വരെയുള്ള കാലയളവിൽ ഇടത് മുന്നണികൾ മാറി നഗരസഭ ഭരിച്ചു. ഇതിനിടെ ചെയർമാനും വൈസ് ചെയർമാനും ഒരേ കൗൺസിൽ കാലത്ത് തന്നെ മൂന്ന് തവണ മാറി വന്നതും ചരിത്രം. സിക്ലാസ് നഗരസഭയായ ചെങ്ങന്നൂരിന് ഒരു മുന്നണിയോടും പ്രത്യേകിച്ച് ആഭിമുഖ്യം ഉണ്ടായിട്ടില്ലെന്നതും പ്രത്യേകതയാണ്. എന്നാൽ ഇത്തവണ കേരള കോൺഗ്രസുകളുടെ നിലപാടു മാറ്റത്തിൽ യു.ഡി.എഫ് ഭരണം തുലാസിലായെങ്കിലും കാലാവധി പൂർത്തീകരിച്ചു. നഗരസഭയിലെ 27 അംഗ കൗൺസിലിൽ യു.ഡി.എഫ്. 10, എൽ.ഡി.എഫ്.11 എന്നിങ്ങനെയായി ഇപ്പോൾ അംഗബലം. വേണ്ടത്ര സമയം ഇല്ലാത്തതിനാൽ ബലപരീക്ഷണം നടത്തി അട്ടിമറിക്ക് ആരും മുതിർന്നില്ല. കഴിഞ്ഞ 10 വർഷമായി നഗരസഭാ ഭരണം യു.ഡി.എഫിനാണ്. നാലു വർഷം കോൺഗ്രസിലെ ജോൺ മുളങ്കാട്ടിലും അവസാനവർഷം കെ. ഷിബു രാജനുമായിരുന്നു കസേര പങ്കിട്ടത്. ഇതേ സമയം നഗരസഭയിൽ ആറംഗങ്ങളോടെ ചെറുതല്ലാത്ത ശക്തിയാണ് എൻ.ഡി.എ. എൻ.ഡി.എയ്ക്ക് ഒപ്പമുള്ള കേരള കോൺഗ്രസ് പി.സി. തോമസ് വിഭാഗം മുന്നണി വിട്ടു. ഇതിനിടെ ബി.ജെ.പിയുമായി നഗരസഭയിൽ സഹകരണം ആയിട്ടില്ലെന്ന് ബി.ഡി. ജെ.എസ്. പ്രദേശിക നേതൃത്വം പറയുന്നു. പ്രത്യേകം സ്ഥാനാർഥികളെ നിറുത്താനാണ് ഇവരുടെ തീരുമാനം.

കക്ഷി നില (ആകെ27).
യു.ഡി.എഫ് 10 (കോൺഗ്രസ് 9, കേരള കോൺഗ്രസ് (സ്വതന്ത്ര) 1 )
എൽ.ഡി.ഫ് 11 (സി.പി.എം 7, സി.പി.ഐ.2, സ്വതന്ത്രൻ 1)
എൻ.ഡി.എ 6 ( ബി.ജെ.പി. 4, കേരളകോൺ. (പി.സി.തോമസ് 2)


------
1.ഓരോ വാർഡിനും 38 ലക്ഷം രൂപ ചെലവിൽ എല്ലാ വാർഡിലും റോഡ് വികസനം അവസാന ഘട്ടത്തിൽ.
2.ഗാർഹിക മാലിന്യസംസ്‌കരണതിനായി സമ്പൂർണ സൗജന്യ ബയോ ബിൻ, ബയോഗ്യാസ് പ്ലാന്റ് വിതരണവും എയ് റോബിക് കംപോസ്റ്റും പ്ലാസ്റ്ററിക് സംസ്‌കരണ യൂണിറ്റും അവസാന ഘട്ടത്തിൽ
3.കൊവിഡ് പ്രതിരോധത്തിൽ മികവുറ്റ പ്രവർത്തനം
4.ഭവന നിർമ്മാണം, അറ്റകുറ്റപണി എന്നിവ നടത്തി.

കെ.ഷിബുരാജൻ
ചെയർമാൻ

----------
ഭരണം പരാജയം

1. പട്ടികജാതി ഫണ്ട് ലാപ്‌സാക്കി
2.ഭവന പദ്ധതികൾ നടപ്പാക്കുന്നതിൽ പരാജയപ്പെട്ടു.
3. തെരുവുവിളക്കുകൾ പ്രകാശിക്കാത്തതു ദുരിതം.
4.തകർന്നടിഞ്ഞ നഗരസഭ റോഡുകൾ നന്നാക്കാൻ നടപടിയുണ്ടായില്ല.

ബി.സുദീപ്
(എൽ.ഡി.എഫ്. പാർലമെന്റി പാർട്ടി ലീഡർ )