പത്തനംതിട്ട: ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്ക് കോൺഗ്രസിൽ എ, ഐ. വിഭാഗങ്ങൾ തമ്മിൽ സീറ്റ് വിഭജനം ഏറെക്കുറെ പൂർത്തിയായി. എ വിഭാഗം ഒൻപതും െഎ അഞ്ചും ഡിവിഷനുകളിൽ മത്സരിക്കും. കോയിപ്രം ഡിവിഷൻ എ ഗ്രൂപ്പിന്റെതാണെങ്കിലും െഎ ആവശ്യപ്പെട്ടിട്ടുണ്ട്. പകരം കോഴഞ്ചേരി ഡിവിഷൻ നൽകാമെന്ന് പറഞ്ഞിട്ടുണ്ട്. ഇത് എ ഗ്രൂപ്പ് സമ്മതിച്ചിട്ടില്ല. കോയിപ്രത്ത് നിലവിലെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മാമ്മൻ കൊണ്ടൂരിനെ മത്സരിപ്പിക്കണമെന്ന് െഎ ഗ്രൂപ്പിൽ അഭിപ്രായ െഎക്യമുണ്ട്.
മലയാലപ്പുഴ, കൊടുമൺ, റാന്നി, കോയിപ്രം, ആനിക്കാട്, ഇലന്തൂർ, കുളനട, പള്ളിക്കൽ ഡിവിഷനുകളിൽ എ ഗ്രൂപ്പ് സ്ഥാനാർത്ഥികൾ മത്സരിക്കും. മലയാലപ്പുഴയിൽ സാമുവൽ കിഴക്കുപുറം, കോടുമൺ - ലക്ഷ്മി അശോകൻ, റാന്നി - ജസി അലക്സ്, കോയിപ്രം - അനീഷ് വരിക്കണ്ണാമല, ഇലന്തൂർ - എം. ബി സത്യൻ, കുളനട - രഘുനാഥ് എന്നിവർ മത്സരിക്കാണ് സാദ്ധ്യത.
ഐ ഗ്രൂപ്പിന് ലഭിച്ച കോഴഞ്ചേരി, കോന്നി, ചിറ്റാർ, പ്രമാടം, ഏനാത്ത് എന്നിവിടങ്ങളിൽ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ ഇന്ന് തീരുമാനമായേക്കും.
ആകെയുളള 16 ഡിവിഷനുകളിൽ 14 സീറ്റിൽ കോൺഗ്രസും രണ്ടു സീറ്റിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗവുമാണ് മത്സരിക്കുന്നത്.