train

തിരുവല്ല: തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ നീളുന്ന അർദ്ധ അതിവേഗ തീവണ്ടി ഇടനാഴി (കെ റെയിൽ) പദ്ധതിക്കെതിരെ മധ്യതിരുവിതാംകൂറിൽ പ്രതിഷേധം ശക്തമാകുന്നു. അഞ്ഞൂറിലധികം കിലോമീറ്റർ നീളത്തിൽ മുപ്പതടി ഉയരത്തിൽ മതിലുണ്ടാക്കി അതിന് മുകളിലൂടെ 12.5 മീറ്റർ വീതം വീതിയിൽ ഇരുവശങ്ങളിലേക്കും അതിവേഗ റെയിൽപാത ഒരുക്കുന്ന പദ്ധതിയാണിത്. കേരള റെയിൽ ഡവലപ്മെന്റ് കോർപ്പറേഷൻ മുഖേന പദ്ധതി നടപ്പാക്കുന്നത് സംസ്ഥാന സർക്കാരാണ്. പദ്ധതി യാഥാർത്ഥ്യമായാൽ വികസനക്കുതിപ്പിനൊപ്പം തിരുവനന്തപുരത്ത് നിന്ന് കാസർഗോഡ് വരെ നാല് മണിക്കൂറിൽ എത്തിച്ചേരാനാകും. ഇതിന്റെ സാദ്ധ്യതാപഠനം,അലൈൻമെന്റ് ഉൾപ്പെടെയുള്ള കാര്യങ്ങളുമായി സർക്കാർ മുന്നോട്ട് പോകുന്നതിനിടെയാണ് ഭൂമിയും വീടുകളും ആരാധനാലയങ്ങളും നഷ്ടപ്പെടുമെന്ന ആശങ്കയിൽ ജനങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. പത്തനംതിട്ട,കോട്ടയം ജില്ലകളിൽ മാത്രം ആയിരത്തിലധികം പേരുടെ ഭൂമി നഷ്ടമാകുമെന്ന് കണക്കാക്കുന്നു. പദ്ധതിക്കെതിരെ സാംസ്കാരിക പൈതൃക സംരക്ഷണസമിതി എന്ന സംഘടന രൂപീകരിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചുവരികയാണ്. മുഖ്യമന്ത്രി,റെയിൽവേ മന്ത്രി എന്നിവർ ഉൾപ്പെടെയുള്ളവർക്ക് നിവേദനംനൽകി.

റെയിൽപാതയുടെ വഴി
അതിവേഗ റെയിൽ പദ്ധതിയുടെ ഉപഗ്രഹസർവ്വേ നടത്തിയതുമായി ബന്ധപ്പെട്ട ചില അടയാളങ്ങൾ റെയിൽപാത കടന്നുപോകുന്ന ഭാഗങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. തിരുവല്ല - കുമ്പഴ റോഡിൽ വള്ളംകുളം ജംഗ്‌ഷന് സമീപത്തും ഇത്തരത്തിലൊരു അടയാളം കാണാനാകും. ചെങ്ങന്നൂർ - മുളക്കുഴ സെഞ്ചറി ഹോസ്പിറ്റൽ - പുത്തൻകാവ് ജംഗ്‌ഷൻ - ആറാട്ട്പുഴ - കോയിപ്രം - ഇരവിപേരൂർ - കല്ലൂപ്പാറ - കുന്നന്താനം - മാടപ്പള്ളി - വാകത്താനം - കോട്ടയം റൂട്ടിലൂടെയാണ് റെയിൽപാത കടന്നുപോകുന്നത്.

12നാൾ പിന്നിട്ടു സത്യാഗ്രഹം
തിരുവല്ല: കെ റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സാംസ്കാരിക പൈതൃക സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ നേതൃത്വത്തിൽ ഇരവിപേരൂരിൽ നടക്കുന്ന അനിശ്ചിതകാല സത്യാഗ്രഹസമരം 12നാൾ പിന്നിട്ടു. സമരത്തിന്റെ ഉദ്‌ഘാടനം അഖിലേന്ത്യാ മഹിളാ സാംസ്‌കാരിക സംഘടനാ വൈസ്പ്രസിഡന്റ് മിനി കെ.ഫിലിപ്പ് നിർവ്വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് കെ.ആർ.പ്രസാദ് അദ്ധ്യക്ഷനായിരുന്നു.

പ്രക്ഷോഭം സംഘടിപ്പിക്കും
കുന്നിടിച്ചും വയൽനികത്തിയും പരിസ്ഥിതിക്ക് നാശമുണ്ടാക്കിയും നൂറുകണക്കിന് കുടുംബങ്ങളെ കുടിയൊഴിപ്പിച്ചും നാടിനെ കടക്കെണിയിലാക്കിയും നടപ്പാക്കാൻ ഉദ്ദേശിക്കുന്ന കെ റെയിൽ പദ്ധതിക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും. പദ്ധതി ഉപേക്ഷിക്കാതെ പ്രക്ഷോഭത്തിൽനിന്നും പിന്മാറില്ലെന്നും സാംസ്ക്കാരിക പൈതൃക സംരക്ഷണസമിതി പ്രസിഡന്റ് വി.എം.ജോസഫ്, സെക്രട്ടറി പ്രമോദ് തിരുവല്ല, രക്ഷാധികാരി പി.എസ് വിജയൻ എന്നിവർ പറഞ്ഞു.

കരിദിനം ആചരിച്ചു
കെ റെയിൽ പദ്ധതി പാതയുടെ കോൺക്രീറ്റ് അതിരുകൾ സ്ഥാപിക്കാനുള്ള ടെണ്ടറുകൾ തുറക്കുന്നതിനെതിരെ സാംസ്കാരിക പൈതൃക സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ വിവിധ സംഘടനകൾ ചേർന്ന് ഇന്നലെ കരിദിനം ആചരിച്ചു. ഇതിന്റെ ഭാഗമായി വിവിധകേന്ദ്രങ്ങളിൽ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി.