day

പത്തനംതിട്ട : ശിശുദിനാഘോഷവും ഇത്തവണ ഓൺലൈനിൽ. ശിശുദിനവുമായി ബന്ധപ്പെട്ട് നടക്കുന്ന പോസ്റ്റർമത്സരം, പ്രസംഗമത്സരം, പാട്ട്, നൃത്തം, ജാഥകൾ എല്ലാം ഇത്തവണ വീട്ടിനുള്ളിൽ സ്ക്രീനുകളിലൊതുങ്ങും. എന്നാൽ അതും ആഘോഷമാക്കാനാണ് അങ്കണവാടികളും സ്കൂളുകളും തീരുമാനിച്ചിരിക്കുന്നത്. ഇത്തവണ ഓൺലൈനിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിക്കും.

ജില്ലാതല ശിശുദിനാഘോഷം രാവിലെ പത്തനംതിട്ട കളക്ടറേറ്റിൽ നടക്കും. രാവിലെ 9.30 ന് എ.ഡി.എം അലക്‌സ് പി. തോമസ് പതാക ഉയർത്തും. കുട്ടികളുടെ പ്രസിഡന്റും തിരുവല്ല ഡി.ബി.എച്ച്.എസ്.എസിലെ വിദ്യാർത്ഥിനിയുമായ അമൃതശ്രീ വി. പിളളയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ കുട്ടികളുടെ പ്രധാനമന്ത്രിയും ഉളനാട് എം.സി.എൽ.പി.എസിലെ വിദ്യാർത്ഥിനിയുമായ നയന സൂസൻ തോമസ് ഉദ്ഘാടനം നിർവഹിക്കും. കുട്ടികളുടെ സ്പീക്കറും ഇടയാറന്മുള എ.എം.എം.എച്ച്.എസ്.എസിലെ വിദ്യാർത്ഥിനിയുമായ കൃപാ മറിയം മത്തായി മുഖ്യപ്രഭാഷണം നടത്തും. എ.ഡി.എം. അലക്‌സ് പി. തോമസ് ശിശുദിന സന്ദേശം നൽകും. തുടർന്ന് സംസ്ഥാന ശിശുക്ഷേമ സമിതി നോമിനി പ്രൊഫ. ടി.കെ.ജി നായർ സ്റ്റാമ്പ് പ്രകാശനം നടത്തും. വൈസ് പ്രസിഡന്റ് കെ. മോഹൻ കുമാർ സമ്മാനദാനം നിർവഹിക്കും. ആൻ മേരി അനീഷ് , ദേവികാ സുരേഷ് തുടങ്ങിയ വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുക്കും. പൊതുജനങ്ങൾക്ക് സൂം ആപ്ലിക്കേഷൻ മുഖേന ഓൺ ലൈനായി പരിപാടിയിൽ പങ്കെടുക്കാം. മീറ്റിംഗ് കോഡ് 5916956052. പാസ് കോഡ് 12345.