തണ്ണിത്തോട് : നാട്ടിലിറങ്ങി മനുഷ്യരെ ആക്രമിക്കുകയും കാർഷികവിളകൾ നശിപ്പിക്കുകയും ചെയ്യുന്ന കാട്ടുപന്നികളെ ക്ഷുദ്രജീവികളുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്ര വനം പരിസ്ഥിതിമന്ത്രാലയത്തെ സമീപിച്ചു. ഇതിന്റെ ഭാഗമായി കാട്ടുപന്നിശല്യം കൂടുതലായുള്ള വില്ലേജുകളുടെ പട്ടിക തയ്യാറാക്കി കേന്ദ്രാനുമതിക്കായി നൽകി. 1972 ലെ വനനിയമം അനുസരിച്ച് ശല്യക്കാരായ ഏത് ക്ഷുദ്രജീവികളെയും വെടിവച്ചുകൊല്ലാം. എന്നാൽ കാട്ടുപന്നികൾ വനനിയമത്തിന്റെ ഷെഡ്യൂൾ 3 ലാണ്, ഇവയെ ഷെഡ്യൂൾ 5 ൽ ആക്കിയാലേ കൃഷിയിടങ്ങളിൽ ഇറങ്ങി നാശം വരുത്തുമ്പോൾ കര്ഷകന് കൊല്ലാൻ കഴിയൂ. സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടാൽ പ്രശ്‌നബാധിത പ്രദേശങ്ങൾ മാത്രം ഉൾപ്പെടുത്തി നിശ്ചിത കാലത്തേക്ക് കേന്ദ്രാനുമതി ലഭിക്കുമെന്ന വനം സെക്രട്ടറിയുടെ ഉപദേശത്തെ തുടർന്ന് വനംമന്ത്രി ഇക്കാര്യം മുഖ്യമന്ത്രിയെ ധരിപ്പിച്ചിരുന്നു. പ്രശ്‌നബാധിത വില്ലേജുകളുടെ പട്ടിക തയാറാക്കാൻ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്കു നിർദ്ദേശം നൽകിയിരുന്നതാണ്.
ജീവനും സ്വത്തിനും ഭീഷിണിയാകുന്ന കാട്ടുപന്നികളെ നിബന്ധനകൾക്ക് വിധേയമായി വെടിവച്ചുകൊല്ലാൻ മുൻപ് സർക്കാർ ഉത്തരവ് ഇറക്കിയതാണ്. കാട്ടുപന്നികളെ വെടിവയ്ക്കുന്നതിന് വനപാലകർക്ക് പുറമെ ഫോറസ്റ്റ് റേഞ്ച് പരിധിയിൽ തോക്ക് ഉപയോഗിക്കാൻ ലൈസൻസുള്ളവരുടെയും, സന്നദ്ധപ്രവർത്തകരുടെയും പാനൽ തയ്യാറാക്കാൻ കഴിഞ്ഞ ജൂലായിൽ ഡി.ഫ്.ഒ മാർ നിർദ്ദേശം നൽകിയിരുന്നു. ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തലവന്മാർ മുഖേന വനം വകുപ്പുമായി ബന്ധപെടാനായിരുന്നു നിർദ്ദേശമെങ്കിലും 2 പേർ മാത്രമായിരുന്നു ഇതിനു സന്നദ്ധത അറിയിച്ചത്. മുൻപ് അരുവാപ്പുലത്ത് ജനജാഗ്രത സമിതിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ വനംവകുപ്പ് കാട്ടുപന്നിയെ വെടിവച്ചുകൊന്നത് സംസ്ഥാനത്തു ആദ്യ സംഭവമായിരുന്നു. എന്നാൽ തുടർ നടപടികൾ ഉണ്ടായില്ല.
പന്നി ശല്യം രൂക്ഷമായ വില്ലേജുകളുടെ പട്ടിക തയ്യാറാക്കി സംസ്ഥാന സർക്കാർ കേന്ദ്രാനുമതിക്കായി നൽകിയിട്ടുണ്ട്.
കെ.യു. ജനീഷ് കുമാർ എം.എൽ.എ
മലയോരമേഖലയിലെ ഭൂരിഭാഗം കർഷകരും കാർഷിക വൃത്തി ഉപേക്ഷിച്ചു. കാർഷിക വിളകൾ കിട്ടാതാകുന്നതോടെ വീടുകൾ കയറി കാട്ടുപന്നികൾ ആക്രമിക്കുമോ എന്ന ഭീതിയിലാണിവിടുത്തെ കർഷകർ.
കെ.എൻ. ശ്യാം മോഹൻലാൽ
കോന്നി ഡി.എഫ്.ഒ
നാശം വരുത്തുന്ന കാട്ടുപന്നികളെ കൊല്ലാനുള്ള അധികാരം കർഷകർക്ക് നൽകിയില്ലെങ്കിൽ കൃഷിയിടങ്ങൾ പൂർണ്ണമായും സമീപ ഭാവിയിൽ പൂർണ്ണമായി ഇല്ലാതെയാകും.
കർഷകർ