sabarimala

ശബരിമല : മണ്ഡല - മകരവിളക്ക് തീർത്ഥാടന നാളുകളിൽ ദിവസം വെറും ആയിരം പേർക്കു മാത്രം ദർശനം അനുവദിച്ചതിനാൽ ദേവസ്വം ബോർഡിന് കനത്ത നഷ്ടമാണുണ്ടാവുക. കുത്തക ലേലം വഴി ലഭിക്കേണ്ട കോടികൾ നഷ്ടപ്പെട്ടു കഴിഞ്ഞു. കാണിക്ക ഇനത്തിൽ എത്രമാത്രം കുറവു വരുമെന്ന ആശങ്കയിലാണ് ബോർഡ്.

മുൻ വർഷങ്ങളിൽ 45 മുതൽ 50 കോടി വരെയായിരുന്നു കട മുറികളിൽ നിന്ന് ലഭിച്ച വരുമാനം. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ സീസണിൽ 34 കോടിയായി കുറഞ്ഞു. ഇക്കുറി അതിന്റെ 10 ശതമാനം മാത്രമാണ് ലേലത്തുകയായി ലഭിച്ചത്. ഒാരോ വർഷവും തുക 10 ശതമാനം വീതം ഉയർത്തിയാണ് ലേലം വിളിച്ചിരുന്നത്. എന്നാൽ, കഴിഞ്ഞ വർഷത്തെ തുകയേക്കാൾ 50 ശതാമനം താഴ്ത്തി വിളിച്ചിട്ടും ആരും പങ്കെടുത്തില്ല. ഒടുവിൽ, താത്പര്യമുള്ള കടമുറികളുടെ തുക എഴുതി നൽകാൻ നിർദ്ദേശം നൽകി. ആ തുകയിൽ നിന്നാണ് പിന്നീട് ലേല നടപടികൾ ഉണ്ടായത്. അപ്പോഴും വ്യാപാരികൾ ഒത്തുകളിച്ചതോടെ ഇത്തവണത്തെ ലേലം കനത്ത നഷ്ടമായി.

ഇതിന് പുറമേ പമ്പ മുതൽ മരക്കൂട്ടം വരെയും ശബരീപീഠം മുതൽ നീലിമല വഴിയും മലകയറ്റം നിരോധിച്ചതോടെ ഇൗ മേഖലയിലെ കുത്തക ലേലം ഒന്നുപോലും നടന്നില്ല. മൊത്തം 216 ഇനങ്ങളിലാണ് ബോർഡ് കുത്തകലേലം വിളിച്ചത്. ഇതിൽ 60 ശതമാനത്തോളാണ് ലേലത്തിൽ പോയത്. അതും തീരെ കുറഞ്ഞ തുകയിൽ.

കഴിഞ്ഞ വർഷം ആറ് കോടി രൂപയ്ക്കാണ് നാളീകേരം ലേലത്തിൽ പോയത്. അത് ഇക്കുറി കേവലം ഒരു കോടി രൂപയ്ക്കാണ് പോയത്. കഴിഞ്ഞ സീസണിൽ 96 ലക്ഷം രൂപയ്ക്ക് ലേലത്തിൽ പോയ പുഷ്പാഭിഷേകം ഇക്കുറി ഒഴിവാക്കിയതോടെ ആ തുകയും നഷ്ടമായി.

ആയിരം തീർത്ഥാടകരെ മാത്രം കടത്തി വിടാനുളള തീരുമാനവും സന്നിധാനത്ത് ആരെയും തങ്ങാൻ അനുവദിക്കാത്തതും വ്യപാര സ്ഥാപനങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കും. നിലവിലുള്ള കടകൾ നഷ്ടപ്പെടരുതെന്ന് വിചാരിച്ചാണ് ഇത്തവണ ലേലം പിടിച്ചത്.

മുഹമ്മദ് സുനീർ,

വ്യാപാരി വ്യവസായി ഏകോപന സമിതി പമ്പ- ശബരിമല യൂണിറ്റ്