പത്തനംതിട്ട : ശബരിമല തീർത്ഥാടനത്തോട് അനുബന്ധിച്ച് അവശ്യമായ ക്രമീകരണങ്ങൾ ഒരുക്കാൻ റാന്നി താലൂക്ക് ഓഫീസിൽ തഹസിദാർ കെ. നവീൻ ബാബുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന താലൂക്ക്തല ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനം.
കൊവിഡ് വ്യാപനം ഉണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ കുളിക്കടവുകളിൽ സ്‌നാനം നിയന്ത്രിക്കാൻ ലൈഫ് ഗാർഡുകളെ നിയോഗിക്കും. ശബരിമല തീർത്ഥാടകർക്ക് ഇടത്താവളങ്ങളിൽ വിരിവയ്ക്കാൻ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഗ്രാമപഞ്ചായത്തുകളും അയ്യപ്പസേവാ സംഘവും ചേർന്ന് ക്രമീകരണങ്ങൾ ഏർപ്പെടുത്തും. തെരുവ് വിളക്കുകൾ കേടുപാടുകൾ തീർത്ത് ഉപയോഗക്ഷമമാക്കുന്നതിന് ഗ്രാമപഞ്ചായത്തുകളും കെഎസ്ഇബിയും ചേർന്ന് നടപടി സ്വീകരിക്കും. പൊതു സ്ഥലങ്ങളും ഇടത്താവളങ്ങളിലെ ശൗചാലങ്ങളും ശുചീകരിക്കുന്നതിനുള്ള നടപടി ഗ്രാമപഞ്ചായത്ത് സ്വീകരിക്കും.
വടശേരിക്കര ഗ്രാമപഞ്ചായത്തിലെ പേങ്ങാട്ടുകടവിൽ ചെളിയും പടർപ്പും നീക്കം ചെയ്യുന്നതിനും പടി വൃത്തിയാക്കി കൈവരികൾ സ്ഥാപിക്കുന്നതിനും വടശേരിക്കര പഞ്ചായത്തിനെയും ഇറിഗേഷൻ വകുപ്പിനെയും ചുമതലപ്പെടുത്തി. വടശേരിക്കര ബംഗ്ലാകടവ് പാലത്തിന്റെ ഇടതുവശത്തെ കടവ് അപകടാവസ്ഥയിൽ ആയതിനാൽ ഇവിടെ സ്‌നാനം അനുവദിക്കില്ല. വടശേരിക്കര പി.ഐ.പി കനാൽ പാലത്തോട് ചേർന്നുള്ള സ്ഥലത്ത് കുളിക്കുന്നത് നിയന്ത്രിക്കുന്നതിനും ബാരിക്കേഡും മുന്നറിയിപ്പ് ബോർഡും സ്ഥാപിക്കുന്നതിനും തീരുമാനിച്ചു. കാട്ടാന ശല്യം തടയുന്നതിന് പ്രത്യേക സ്‌ക്വാഡിനെ വനം വകുപ്പ് നിയോഗിക്കും.
വനമേഖലയിലെ പ്ലാസ്റ്റിക്ക് മാലിന്യം നീക്കം ചെയ്യുന്നതിന് ഇക്കോ ഗാർഡുകളെ വനം വകുപ്പ് നിയോഗിക്കും. കുടിവെള്ള വിതരണം തടസപ്പെടുന്നില്ലെന്ന് വാട്ടർ അതോറിറ്റി ഉറപ്പാക്കും. ഗതാഗത തടസം ഒഴിവാക്കുന്നതിനുള്ള നടപടികളും ആവശ്യമായ സ്ഥലങ്ങളിൽ കൂടുതൽ പോലീസിനെ നിയോഗിക്കാനുള്ള നടപടികളും പോലീസ് വകുപ്പ് സ്വീകരിക്കും. ജില്ലാ കളക്ടർ തയാറാക്കുന്ന വില വിവര പട്ടിക എല്ലാ വ്യാപാര സ്ഥാപനങ്ങളിലും പ്രദർശിപ്പിക്കുന്നുണ്ടെന്ന് സിവിൽ സപ്ലൈസ് വകുപ്പ് ഉറപ്പു വരുത്തും. കൂടാതെ കടകളിലെ നിയമ ലംഘനങ്ങൾ തടയുന്നതിന് സിവിൽ സപ്ലൈസ് വകുപ്പ് പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് പരിശോധന നടത്തും. വൈദ്യസഹായവും ആംബുലൻസ് ഉൾപ്പെടെയുള്ള ക്രമീകരണങ്ങളും ആരോഗ്യ വകുപ്പ് ഉറപ്പാക്കും. അറ്റകുറ്റപണികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും അവശ്യമായ സ്ഥലങ്ങളിൽ ദിശാ ബോർഡുകൾ സ്ഥാപിക്കുന്നതിനും പി.ഡബ്യു.ഡി റോഡ്‌സ് വിഭാഗം നടപടി സ്വീകരിക്കും.
---------------------

കൊവിഡ് പരിശോധന നടത്തിയ സർട്ടിഫിക്കറ്റ് വേണം


പത്തനംതിട്ട : ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളിൽ നിന്ന് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥരും ജീവനക്കാരും കൊവിഡ് പരിശോധന നടത്തിയ സർട്ടിഫിക്കറ്റുമായി ഡ്യൂട്ടിക്ക് ഹാജരാകണം. ഇക്കാര്യം ബന്ധപ്പെട്ട വകുപ്പ് ജില്ലാ മേലധികാരികൾ ഉറപ്പുവരുത്തണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ ബി. രാധാകൃഷ്ണൻ അറിയിച്ചു.