ചെങ്ങന്നൂർ:ശബരിമല തീർത്ഥാടകരെ വരവേൽക്കാൻ ചെങ്ങന്നൂർ ഒരുങ്ങുന്നു.
ഇതര സംസ്ഥാനക്കാരായ അയ്യപ്പഭക്തരുടെ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ നടത്തും. .അതിനായി കെ എസ് ആർ ടി സി, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിൽ പരിശോധനാ കേന്ദ്രങ്ങൾ തുടങ്ങും. പനിയോ ,മറ്റ് രോഗലക്ഷണങ്ങളോ ഉളളവരെ പ്രാഥമിക പരിശോധനയ്ക്ക് ശേഷം ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിലെ സി എഫ് എൽ ടി.സി യിലേക്ക് മാറ്റാനുള്ള സംവിധാനം ഒരുക്കും. നിറുത്തിവച്ച സി എഫ് എൽ ടി സി അടിയന്തരമായി സജ്ജമാക്കും അയ്യപ്പഭക്തർക്കുള്ള പിൽഗ്രിംസെന്ററിൽ 5 പേരിൽ കൂടുതൽ സംഘം ചേരുവാൻ പാടില്ല. ഇത് നിരീക്ഷിക്കുന്നതിനായി പൊലീസിനെ വിന്യസിക്കും. ഇതു സംബന്ധിച്ച് കെ എസ് ആർ ടി സി, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ തമിഴ് കന്നട, തെലുഗ്, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിലുള്ള ബോർഡുകൾ സ്ഥാപിക്കും. സീസൺ തുടങ്ങുന്ന സമയത്ത്
ചെങ്ങന്നൂരിലെ വിവിധ ക്ഷേത്രത്തിലെ അന്നദാന കൗണ്ടർ പ്രവർത്തിപ്പിക്കില്ല. പകരം
ആഹാരം പാഴ്‌സൽ ആയിനൽകാൻ തയ്യാറുള്ള സന്നദ്ധ സംഘങ്ങൾക്ക് ആഹാരം നൽകാം. ഇതിനായി ആർ ഡി ഒ ഓഫീസിൽ നേരത്തെ വിവരം അറിയിക്കണം.
കെ എസ് ആർ ടി സി ഡ്രൈവർമാർക്ക് വിശ്രമകേന്ദ്രം, ശുചി മുറി സൗകര്യങ്ങളും നഗരസഭയുടെ നിയന്ത്രണത്തിൽ സജ്ജമാക്കും.
ആരോഗ്യ വകുപ്പ് അടിയന്തരമായി ഒ.പി തിങ്കളാഴ്ച ആരംഭിക്കും.
അയ്യപ്പഭക്തർക്കുള്ള ശുദ്ധി ചെയ്ത ചൂടുവെള്ളം ലഭിക്കുന്നതിനുള്ള സംവിധാനം ജലസേചന വകുപ്പ് ആരംഭിക്കും.
ഇതിനായി ജലജീവൻ പദ്ധതി ആലപ്പുഴ ഡിവിഷന്റെ സഹായം തേടും.
പ്രധാനക്ഷേത്രങ്ങളിൽ രാത്രികാല നീരീക്ഷണം ഊർജ്ജിതമാക്കും.
മഹാദേവർ ക്ഷേത്രത്തിനു സമീപവും റെയിൽവേ സ്റ്റേഷനിലും അംബുലൻസ് സൗകര്യങ്ങളോടു കൂടിയ മെഡിക്കൽ എയ്ഡ് പോസ്റ്റുകൾ പ്രവർത്തിക്കും.
റെയിൽവേ സ്റ്റേഷൻ പരിസരത്ത് കെ.എസ്.ആർ.ടി.സി, ആരോഗ്യ വകുപ്പ്, നഗരസഭ, തുടങ്ങിയവയുടെ എയ്ഡ് പോസ്റ്റുകൾ സ്ഥാപിക്കും. അയ്യപ്പഭക്തർ കൂട്ടം കൂടാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ സിസിടിവി കാമറകൾ സ്ഥാപിക്കും. സേഫ് കേരള വിംഗിന്റെ സഹകരണത്തോടെ രാത്രികാലങ്ങളിൽ പട്രോളിംഗ് സംവിധാനം ഏർപ്പെടുത്തും.
തീർത്ഥാടനം സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ ഏകീകരിക്കുന്നതിനായി ആർ ഡി ഒ യുടെ നേതൃത്വത്തിൽ തിങ്കളാഴ്ച വീണ്ടും യോഗം കൂടും.