മല്ലപ്പള്ളി - എഴുമറ്റൂർ ഗ്രാമപഞ്ചായത്ത് 13-ാം വാർഡിൽ യു.ഡി.എഫ്. സ്ഥാനാർത്ഥി സാദ്ധ്യതാപട്ടിക തയ്യാറാക്കാൻ ചേർന്ന യോഗം അലങ്കോലമായി. വാർഡ് പ്രസിഡന്റ് ജോബി പി. എബ്രഹാമിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഏതാനും പേരുകൾ കൂടി പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ചിലർ ആവശ്യപ്പെട്ടു. ഇവരെക്കൂടി ചേർത്ത് മിനിട്‌സ് പുതുക്കിയെങ്കിലും വാക്കേറ്റം തുടർന്നു. ഒടുവിൽ രേഖകൾ കീറിക്കളയുകയും യോഗത്തിൽ നന്ദി പറഞ്ഞുകൊണ്ടിരുന്ന മണ്ഡലം പ്രസിഡന്റിനെ കൈയേറ്റം ചെയ്യുകയുമായിരുന്നു. സംഘർഷത്തിനിടെ പരിക്കേറ്റ ബ്ലോക്ക് സെക്രട്ടറി ചികിത്സയിലാണ്.സംഭവത്തിൽ കെ.പി.സി.സി. നിർവാഹക സമിതി അംഗത്തിനും ബ്ലോക്ക് സെക്രട്ടറിക്കും എതിരെ നടപടി ആവശ്യപ്പെട്ട് നേതൃത്വത്തിന് പരാതി നൽകി. പെരുമ്പെട്ടി പൊലീസ് കേസെടുത്തു. നിരീക്ഷകരെത്തുന്നതിന് മുൻപ് യോഗം തീർക്കാനുള്ള ശ്രമമാണ് പ്രശ്‌നങ്ങൾക്ക് കാരണമായതെന്ന് അഡ്വ. കെ. ജയവർമ്മ പറഞ്ഞു.