oommen-chandi

പൂവത്തൂർ: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പുല്ലാട് വിവേകാനന്ദ ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി അഭിലാഷിനെ കാണാൻ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി എത്തും. സ്കൂളിന് സമീപം വഴിയരികിൽ നിൽക്കുകയായിരുന്ന വിദ്യാർത്ഥിയെ അമിതവേഗത്തിൽ എത്തിയ കാർ ഇടിക്കുകയായിരുന്നു.

ഒരാഴ്ചയോളം അബോധാവസ്ഥയിലായിരുന്ന കുട്ടിയുടെ ഒരു വൃക്ക അടിയന്തരമായി നീക്കം ചെയ്യേണ്ടിവന്നു. തുടർന്ന് എറണാകുളം അമൃത ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. രണ്ടാമത്തെ വൃക്കയും ഈ സമയം അപകടത്തിലായി. കൊവിഡ് വ്യാപനത്തെ തുടർന്ന് ആശുപത്രിയിൽ നിന്ന് അഭിലാഷിനെ വീട്ടിലേക്ക് മാറ്റി. ഓട്ടോ ഡ്രൈവറായ പിതാവ് എം.ആർ.പ്രകാശ് ഇതിനകം നാട്ടുകാരുടെ മറ്റും സഹായത്താൽ പത്ത് ലക്ഷത്തോളം രൂപം ചികിത്സയ്ക്കായി ചെലവഴിച്ചു. ഇപ്പോൾ അഭിലാഷിന്റെ രണ്ടാമത്തെ വൃക്കയും പൂർണ്ണമായും തകരാറിലാണ്. കോഴഞ്ചേരി ഗവ ആശുപത്രിയിൽ ആഴ്ചയിൽ മൂന്ന് പ്രാവശ്യം ഡയാലിസിസ് ചെയ്താണ് ജീവൻ നിലനിറുത്തുന്നത്. അടിയന്തരമായി വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെങ്കിലെ ജീവൻ നിലനിറുത്താൻ സാധിക്കുകയുള്ളു. ഇതിന് പതിനഞ്ച് ലക്ഷത്തോളം രൂപ ചെലവ് വരും. നാലു സെന്റ് സ്ഥലത്ത് ചെറിയ വീട്ടിൽ താമസിക്കുന്ന ഈ കുടുംബത്തിന് ഭാരിച്ച ചികിത്സ ചെലവ് താങ്ങാനാവുന്നതല്ല. മകന്റെ ജീവൻ നിലനിറുത്താൻ മാതാവ് സന്ധ്യ വൃക്ക നല്കാൻ തയ്യാറാണ്. കഴിഞ്ഞ ദിവസം അഭിലാഷിന്റെ ദുരിതം നേരിൽ കണ്ട കോൺഗ്രസ് പ്രവർത്തകൻ സുബിൻ നീറുംപ്ലാക്കൽ ഉമ്മൻചാണ്ടിയുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. അഭിലാഷിന്റെ ആഗ്രഹ പ്രകാരം ഉമ്മൻ ചാണ്ടി പൂവത്തൂരിലുള്ള വീട്ടിൽ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ശാരീരിക ബുദ്ധിമുട്ടുകളുടെ നടുവിലും എസ്.എസ്.എൽ.സി പരീക്ഷ എഴുതണമെന്നാണ് അഭിലാഷിന്റെ ആഗ്രഹം.