കൊവിഡ് നിയന്ത്രണം കാരണം പന്തളം കൊട്ടാരത്തിൽ ഇത്തവണ തിരുവാഭരണം ദർശനം ഉണ്ടാകില്ലെന്ന് നിർവാഹക സംഘം സെക്രട്ടറി പി.എൻ. നാരായണ വർമ്മ അറിയിച്ചു. ശബരിമല തീർത്ഥാടനം തുടങ്ങുന്ന വൃശ്ചികം ഒന്നുമുതലാണ് ദർശനം അനുവദിച്ചിരുന്നത്. തിരുവാഭരണ ഘോഷയാത്ര നടത്തണമോയെന്ന് ആലോചിച്ച് തീരുമാനിക്കും.

തീർത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുളളതിനാൽ നിലയ്ക്കൽ പ്രധാന ഇടത്താവളത്തിൽ ഇത്തവണ സൗകര്യങ്ങൾ കുറവായിരിക്കും. ശുദ്ധജല വിതരണത്തിനുള്ള കിയോസ്കുകൾ പാർക്കിംഗ് ഗ്രൗണ്ടിൽ സജ്ജമാക്കി. ആറ് വിശ്രമകേന്ദ്രങ്ങൾ വൃത്തിയാക്കിയിട്ടുണ്ട്. തീർത്ഥാടകർക്കായി 160 ശുചിമുറികളുണ്ട്. പൊലീസുകാർക്ക് 100 എണ്ണം അനുവദിച്ചു.

പമ്പയിൽ ഇത്തവണ ബലിതർപ്പണമില്ല. തീർത്ഥാടകർ നദിയിൽ ഇറങ്ങുന്നതിന് വിലക്കുണ്ട്.