ഞങ്ങളോട് അവഗണന ആദിവാസികളായതിനാലോ?
പമ്പ: വനത്തിൽ നിന്ന് കുന്തിരിക്കം ശേഖരിച്ച് ചാക്കിൽ കെട്ടി വച്ച് ചാലക്കയത്ത് റോഡരികിൽ നിൽക്കുകയായിരുന്നു സമീപത്ത് താമസിക്കുന്ന ആദിവാസി ഭാസ്‌കരൻ. ളാഹയിലേക്കാണ് പോകേണ്ടത്. ''രാവിലെ മുതൽ ഇവിടെ നിൽക്കുകയാണ്. വണ്ടിയൊന്നുമില്ല.'' ഇതു പറഞ്ഞുകൊണ്ടു നിൽക്കുമ്പോഴാണ് പമ്പയിൽ നിർമ്മാണ പ്രവൃത്തികൾക്കുള്ള സാധനങ്ങൾ ഇറക്കാൻ പോയ പെട്ടി ഓട്ടോ തിരികെ എത്തിയത്. ഭാസ്‌കരൻ കൈ കാണിച്ച് അതിൽ കയറി.താൻ രാവിലെ പമ്പയിലേക്ക് പോകുമ്പോൾ റോഡിൽ നിന്നയാളാണിതെന്ന് ഡ്രൈവർ പറഞ്ഞു. പമ്പ റൂട്ടിൽ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ. ടി.സി ബസുകൾ ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ നിറുത്തിയതാണ്. സർവീസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ആരെയാണ് കാണേണ്ടതെന്ന് ഒറ്റപ്പെട്ടു കഴിയുന്ന ആദിവാസികൾക്ക് അറിയില്ല. പമ്പ റൂട്ടിൽ ബസ് സർവീസ് നിറുത്തിയത് കഴിഞ്ഞ മാർച്ച് മാസത്തിലാണ്.പത്തനംതിട്ടയിൽ നിന്നും എരുമേലിയിൽ നിന്നുമാണ് ഓരോ ഓർഡിനറി ബസുകൾ സർവീസ് നടത്തിയിരുന്നത്. ലോക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച് മാസങ്ങളായിട്ടും പമ്പ റൂട്ടിൽ ബസ് അനുവദിക്കാത്തതെന്തെന്ന് ആദിവാസികൾക്ക് വേണ്ടി ചോദിക്കാൻ ആരുമില്ല.ശബരിമല പാതയിൽ ളാഹ മുതൽ പമ്പ വരെ താമസിക്കുന്ന ആദിവാസികൾ അവശ്യ സാധനങ്ങൾ വാങ്ങാൻ പെരുനാട്ടിൽ എത്തണമെങ്കിൽ വൻ തുക ഓട്ടോക്കൂലി കൊടുക്കണം. കാട്ടിൽ തേനും കുന്തിരക്കവും ഈറയും ശേഖരിക്കാൻ പോകുന്ന ആദിവാസികൾക്ക് പുറംലോകം കാണാൻ വേറെ വഴിയില്ല. അല്ലെങ്കിൽ,പമ്പ,ചാലക്കയം ഭാഗങ്ങളിൽ വനത്തിനുള്ളിൽ താമസിക്കുന്ന ആദിവാസികൾ നിലയ്ക്കലും അട്ടത്തോട്ടിലുമുള്ള കടകളിൽ എത്താൻ കിലോമീറ്ററുകൾ നടക്കണം.ചാലക്കയത്ത് മാത്രമായി 17കുടുംബങ്ങൾ കഴിയുന്നുണ്ട്. ചാലക്കയത്ത് താമസിക്കുന്നവർക്ക് ഏറ്റവും അടുത്ത് കടകളുള്ള അട്ടത്തോട്ടിൽ എത്താൻ 16കിലോമീറ്റർ യാത്ര ചെയ്യണം. പമ്പയിൽ പോയി മടങ്ങി വരുന്ന കെ.എസ്.ആർ.ടി.സി ബസുകളിൽ കയറിയാണ് ചാലക്കയത്തുകാർ അട്ടത്തോട്,നിലയ്ക്കൽ, ളാഹ,പെരുനാട് ഭാഗങ്ങളിൽ എത്തിയിരുന്നത്. ബസ് ഇല്ലാത്തതിനാൽ അട്ടത്തോട്ടിലേക്ക് ഒട്ടോയിലെത്താൻ 400 രൂപ മുടക്കണം. അട്ടത്തോട്,നിലയ്ക്കൽ ഭാഗങ്ങളിലേക്ക് നടന്നു പോയി സാധനങ്ങൾ വാങ്ങി വരുന്ന ആദിവാസികളുമുണ്ട്.
------------
'' പത്തനംതിട്ടയിൽ നിന്നുള്ള സർവീസ് ഉടൻ ആരംഭിക്കും. നേരത്തെ 18 ദിവസം സർവീസ് നടത്തിയപ്പോൾ യാത്രക്കാർ കുറവായതിനാൽ നിറുത്തിവച്ചു.ശബരി തീർത്ഥാടനം തുടങ്ങുന്നതോടെ കൂടുതൽ യാത്രക്കാരെ ലഭിക്കുമെന്നാണ് പ്രതീക്ഷ.
(കെ.എസ്.ആർ.ടി.സി
പത്തനംതിട്ട ഡിപ്പോ
അധികൃതർ)
----------
-ചാലക്കയത്ത് മാത്രം 17 കുടുംബങ്ങൾ
- പുറംലോകത്തെത്താൻ വാഹന സൗകര്യമില്ല
- ചാലക്കയത്തു നിന്ന് അട്ടത്തോട്ടിലെത്താൻ 16 കിലോമീറ്റർ
-ഓട്ടോചാർജ് 400 രൂപ