1
നരേന്ദ്രൻ

കടമ്പനാട് : ആകെ പോൾ ചെയ്തതിൽ ഒരു വോട്ട് ഒഴിച്ച് ബാക്കിയെല്ലാം നേടി വിജയിച്ച ഒരു സ്ഥാനാർത്ഥിയുണ്ട്. തുവയൂർ മാഞ്ഞാലി മേലൂട്ട് ആർ.ജി ഭവനിൽ ജി.നരേന്ദ്രനാണ് ഇൗ അപൂർവനേട്ടത്തിന് ഉടമ. 32 വർഷം കടമ്പനാട് ഗ്രാമപഞ്ചായത്തിന്റെ അംഗവും പ്രസിഡന്റും വൈസ് പ്രസിഡന്റുമൊക്കെയായിരുന്നു. 1963 ലാണ് അപൂർവമായ തിരഞ്ഞെടുപ്പ് വിജയം. അന്ന് കടമ്പനാട് ഗ്രാമ പഞ്ചായത്തിന്റെ അഞ്ചാം വാർഡ് ദ്വയാംഗമണ്ഡലമാണ്. രണ്ട് പ്രതിനിധികൾ തിരഞ്ഞെടുക്കപ്പെടണം. മത്സരരംഗത്തുള്ളത് അഞ്ച് സ്ഥാനാർത്ഥികൾ. ആകെ പോൾ ചെയ്തത് 1502 വോട്ട്. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ നരേന്ദ്രന് ലഭിച്ചത് 1501 വോട്ടും. എതിർ സ്ഥാനാർത്ഥികളിൽ ഒരാളിന്റെ ഒഴിച്ച് ഉള്ളവരുടെയും കുടുംബാംഗങ്ങളുടെയും വോട്ട് നേടാനായി. ജനങ്ങൾ അർപ്പിച്ച വിശ്വാസം അതേപടി കാത്തുസൂക്ഷിച്ച് 1995 വരെ ജനപ്രതിനിധിയായി തുടർന്നു. ഇപ്പോൾ 94 വയസുണ്ട് നരേന്ദ്രന്.

നാടാകെ വീണ്ടുമൊരു തിരഞ്ഞെടുപ്പിന്റെ കേളികൊട്ടുയരുമ്പോൾ പഴയകാല അനുഭവങ്ങൾ ഓർത്തെടുക്കയാണ് ഇദ്ദേഹം. റോഡ് മെയിന്റെ നൻസിനാണ് അന്ന് പ്രധാനമായും ഫണ്ടനുവദിച്ചിരുന്നത്. ഒരു റോഡിന് 1000 രൂപ അനുവദിച്ചാൽ 500 രൂപയും ഓഫീസ് ചെലവായി എഴുതിമാറ്റും. 250 രൂപ കോൺട്രാക്ടറും എടുത്ത് 250 രൂപയുടെ വർക്കാണ് നടക്കുക. ഒരിക്കൽ കടമ്പനാട്ടെ സ്കൂളുകളുടെ നവീകരണത്തിന്‌ ഫണ്ടില്ലാതെ വന്നപ്പോൾ രക്ഷകർത്താക്കളുടെയും നാട്ടുകാരുടെയും യോഗം വിളിച്ചു കൂട്ടുകയും റോഡ് നിർമ്മാണം ശ്രമദാനമായി നടത്തുകയും ചെയ്തു. റോഡിനുളള ഫണ്ട് സ്കൂളുകളുടെ നവീകരണത്തിന് വിനിയോഗിക്കാനും തീരുമാനിച്ചു. ഉദ്യോഗസ്ഥരും കോൺട്രാക്ടർമാരും ശക്തമായ എതിർപ്പുയർത്തിയെങ്കിലും പദ്ധതി വിജയകരമായി നടപ്പാക്കി.

പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ രാഷ്ട്രീയം പാടില്ലന്നാണ് നരേന്ദ്രൻ പറയുന്നത്. കോൺഗ്രസായിട്ടും പാർട്ടി ചിഹ്നത്തിൽ ഒരു തവണയെ മത്സരിച്ചിട്ടുള്ളു. ബാക്കി സ്വതന്ത്ര ചിഹ്നത്തിലാണ് വിജയിച്ചത്. നരേന്ദ്രന് പ്രായത്തിന്റെ അവശതകൾ ഒന്നുമില്ല. എന്നും ഉച്ചക്ക് 3 മണിയാകുമ്പോൾ മാഞ്ഞാലി ജംഗ്ഷനിലെത്തും നാട്ടുകാരെ കണ്ട് കുശലവും പറഞ്ഞാണ് മടക്കം. സിനിമാ നടനും സംവിധായകനുമായ വേണു നാഗവള്ളിയുടെ അമ്മാവനാണ് ഇദ്ദേഹം. അഛ്ചൻ പേരു കേട്ട പൊലിസ് ഓഫീസറായിരുന്നു. ജോലിയിലെ അദ്ദേഹത്തിന്റെ സത്യസന്ധത കാരണം നാട്ടുകാർ സത്യവാൻ എന്ന പേരു കൂടി നൽകി. അങ്ങനെ പി.കെ.ഗോപാലപിള്ള സത്യവാൻ ഗോപാല പിള്ളയായി. അദ്ദേഹത്തിന്റെ സ്മരണാർത്ഥം മാഞ്ഞാലിയിൽ നാട്ടുകാർ സത്യവാൻ സ്മാരക ഗ്രന്ഥശാല സ്ഥാപിച്ചു.

വികസന രംഗത്ത് ഒട്ടേറെ നേട്ടങ്ങൾ ഉണ്ടായെങ്കിലും അധികാരത്തോടുള്ള ആർത്തി മനുഷ്യന് വർദ്ധിച്ചു. വലിയ വാഹനങ്ങൾ, കോടി കണക്കിനു രൂപയുടെ ഫണ്ടുമാണ് ജനസേവനത്തെക്കാൾ ജനപ്രതിനിധിയാകാൻ പലരെയും പ്രേരിപ്പിക്കുന്നത്.

ജി.നരേന്ദ്രൻ