konni

കോന്നി : സർക്കാർ മെഡിക്കൽ കോളേജ് പ്രവർത്തനം തുടങ്ങി രണ്ട് മാസം പിന്നിടുമ്പോഴും കുടിവെള്ള പദ്ധതിയുടെ കമ്മിഷനിംഗ് വൈകുന്നു.

ട്രയൽ റൺ പരാജയപ്പെട്ട പദ്ധതി മെഡിക്കൽ കോളേജ് ഉദ്ഘാടനത്തിന് മുമ്പ് കമ്മിഷൻ ചെയ്യുമെന്നാണ് അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ ഇതുവരെയും അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കാനായിട്ടില്ല.

സെപ്തംബറിൽ ട്രയൽ റണ്ണിനിടെ പ്രധാന പൈപ്പ് ലൈൻ പൊട്ടി നഷ്ടം സംഭവിച്ചിരുന്നു. ഒരേക്കർ സ്ഥലത്ത് അഞ്ച് ദശലക്ഷം ലി​റ്റർ വെള്ളം പ്രതിദിന ശേഷിയുള്ള ശുദ്ധീകരണശാലയാണ് നിർമ്മിച്ചിരിക്കുന്നത്. മെഡിക്കൽ കോളേജ് ഒ.പിയിലേക്ക് താൽക്കാലിക പൈപ്പ് കണക്ഷൻ നൽകിയിട്ടുണ്ട്. പദ്ധതി യാഥാർത്ഥ്യമായാൽ അരുവാപ്പുലം പഞ്ചായത്തിലെ നിരവധി കുടുംബങ്ങൾക്കും പ്രയോജനം ലഭിക്കും.

പണിതിട്ടും പണി തീരാതെ

മെഡിക്കൽ കോളേജിൽ നിന്ന് നാലര കിലോമീ​റ്റർ അകലെയുള്ള ഐരവൺ മട്ടത്തു കടവിൽ നിർമ്മിച്ചിട്ടുള്ള 6 മീ​റ്റർ വ്യാസമുള്ള കിണറിൽ നിന്നാണ് മെഡിക്കൽ കോളേജിലേക്കാവശ്യമായ ജലം ശേഖരിക്കുന്നത്. ഇവിടെ നിന്ന് പമ്പ് ചെയ്യുന്ന ജലം 300 എം.എം ഡി.ഐ.പൈപ്പ് വഴി മെഡിക്കൽ കോളേജിൽ സ്ഥാപിച്ചിട്ടുള്ള 5 ദശലക്ഷം പ്രതിദിന ശേഷിയുള്ള ശുദ്ധീകരണശാലയിൽ എത്തിക്കും. ശുദ്ധീകരിച്ച വെള്ളം ഏഴ് ലക്ഷം ലി​റ്റർ ശേഷിയുള്ള ഭൂതലസംഭരണിയിൽ ശേഖരിക്കും. അവിടെ നിന്ന് 15 എച്ച്.പി മോട്ടർ ഉപയോഗിച്ച് 10 ലക്ഷം ലി​റ്റർ ശേഷിയുള്ള സംഭരണിയിലേക്ക് എത്തിക്കും. ഈ സംഭരണിയിൽ നിന്നുമാണ് വെള്ളം 350 മീ​റ്റർ ദൂരത്തിലുള്ള മെഡിക്കൽ കോളേജിന്റെ ഉപരിതല ജലസംഭരണിയിലേക്ക് 200 എം.എം ഡി.ഐ പൈപ്പ് ഉപയോഗിച്ച് എത്തിക്കുന്നത്.

വമ്പൻ പദ്ധതി

കിണർ, പമ്പ് ഹൗസ്, പമ്പിംഗ് മെയിൻ : 3.99 കോടി

ശുദ്ധീകരണശാല, സംഭരണികൾ : 5.88 കോടി

ബിൽഡിംഗ്, മോട്ടോർ ,ട്രാൻസ്‌ഫോർമർ : 1.15 കോടി

വിതരണ പൈപ്പ് സ്ഥാപിക്കാൻ : 14 ലക്ഷം

വൈദ്യുതീകരണം : 86.25 ലക്ഷം