പത്തനംതിട്ട : ജില്ലാതല ശിശുദിനാഘോഷം പത്തനംതിട്ട കളക്ടറേറ്റിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വർണാഭമായി നടന്നു. അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേട്ട് അലക്‌സ് പി. തോമസ് പതാക ഉയർത്തി. കുട്ടികളുടെ പ്രസിഡന്റും തിരുവല്ല ഡി.ബി.എച്ച്.എസ്.എസിലെ വിദ്യാർത്ഥിനിയുമായ അമൃതശ്രീ വി. പിളളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കുട്ടികളുടെ പ്രധാനമന്ത്രിയായ ഉളനാട് എം.സി.എൽ.പി.എസിലെ വിദ്യാർത്ഥിനി നയന സൂസൻ തോമസ് ജില്ലാതല ശിശുദിനാഘോഷം ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ സ്പീക്കറും ഇടയാറന്മുള എ.എം.എം.എച്ച്.എസ്.എസിലെ വിദ്യാർത്ഥിനിയുമായ കൃപാ മറിയം മത്തായി മുഖ്യപ്രഭാഷണം നടത്തി. എ.ഡി.എം. അലക്‌സ് പി. തോമസ് ശിശുദിന സന്ദേശം നൽകി. തുടർന്ന് സംസ്ഥാന ശിശുക്ഷേമ സമിതി നോമിനി പ്രൊഫ. ടി.കെ.ജി നായർ സ്റ്റാമ്പ് പ്രകാശനം നടത്തി. വൈസ് പ്രസിഡന്റ് കെ. മോഹന കുമാർ സമ്മാനദാനം നിർവഹിച്ചു. അമൃതശ്രീ വി പിളള, നയന സൂസൻ തോമസ്, കൃപാ മറിയം മത്തായി, ആൻ മേരി അനീഷ്, ദേവികാ സുരേഷ് തുടങ്ങിയ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റും സമ്മാനവും നൽകി. ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ജി. പൊന്നമ്മ, വൈസ് പ്രസിഡന്റ് വിമൽ രാജ്, ട്രഷറർ ഭാസ്‌കരൻ നായർ, ജോയിന്റ് സെക്രട്ടറി എം.എസ്. ജോൺ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
നിതാന്തമായ പരിശ്രമവും അർപ്പണബോധവും
ചെറുപ്പത്തിലേ ശീലിക്കണം : ജില്ലാ കളക്ടർ
നിതാന്തമായ പരിശ്രമവും അർപ്പണബോധവും ചെറുപ്പത്തിലേ ശീലിക്കണമെന്ന് ജില്ലാ കളക്ടർ പി.ബി. നൂഹ് പറഞ്ഞു. വനിത ശിശു വികസന വകുപ്പ് ജില്ലാ ശിശുസംരക്ഷണ യൂണിറ്റും ജില്ലാ ഭരണ കേന്ദ്രവും ചേർന്ന് സംഘടിപ്പിച്ച ശിശുദിനാഘോഷത്തിന്റെയും ബാലാവകാശ വാരാചരണ പരിപാടികളുടെയും ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു കളക്ടർ.
ജില്ലയിലെ വിവിധ ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികളുമായും കുട്ടികളുടെ പ്രധാനമന്ത്രിമാരുമായും ജില്ലാ കളക്ടർ സംവദിച്ചു. ഭാരതത്തിന്റെ പ്രഥമ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്രു എഴുതിയ പുസ്തകങ്ങൾ വായിക്കണമെന്നും, അതിലെ അറിവുകൾ മനസിലാക്കി ജീവിതത്തിൽ പ്രാവർത്തികമാക്കണമെന്നും പത്ര വായന ദിനചര്യയുടെ ഭാഗമാക്കണമെന്നും കളക്ടർ പറഞ്ഞു. വനിതാ ശിശു വികസന വകുപ്പ് സംസ്ഥാന തലത്തിൽ നടത്തിയ 'അറിവകം' പ്രശ്‌നോത്തരിയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ആശ്രയ ശിശുഭവനിലെ കുട്ടികളെ അദ്ദേഹം അനുമോദിച്ചു.