കൊക്കാത്തോട്: കുടപ്പാറ പാലം ഇനിയും യാഥാർഥ്യമായിട്ടില്ല. അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിലുൾപ്പെടുന്ന വനാന്തര ഗ്രാമമായ കുടപ്പാറ, ചാരുപാറ മേഖലകളിലെ ജനങ്ങൾ പുറം ലോകവുമായി ബന്ധപ്പെടാൻ തെങ്ങുതടികൊണ്ടുള്ള പാലമാണ് ഇപ്പോഴുമുപയോഗിക്കുന്നത്. വർഷക്കാലത്തെ മലവെള്ളപ്പാച്ചിലിൽ നാട്ടുകാർ ഭീതിയോടെയാണ് ഇതിലൂടെ സഞ്ചരിക്കുന്നത്. പ്രായമായവരും ഭിന്നശേഷിക്കാരും, ഗർഭിണികളും, കൊച്ചുകുട്ടികളും സഞ്ചരിക്കുന്നതും ഈ പാലത്തിലൂടെയാണ്. ഇരുകരകളെയും ബന്ധിപ്പിച്ചു തോടിനുകുറുകെ വലിച്ചു കെട്ടിയ കമ്പിയുപയോഗിച്ചാണ് നാട്ടുകാർ തെങ്ങുതടിയിലൂടെ മറുകര കടക്കുന്നത്.
തെങ്ങുതടി പാലത്തിൽ നിരവധി അപകടങ്ങൾ
അക്കൂട്ടുമൂഴിയിലെ താമസക്കാരാണ് പാലമില്ലാത്തതുമൂലം ദുരിതമനുഭവിക്കുന്നത്. മഴക്കാലത്തു കുട്ടികളെ സ്‌കൂളിൽ വിടാൻ രക്ഷിതാക്കൾക്ക് ഭയമാണ്. രോഗികളെ ഈ തടി പാലത്തിലൂടെ വേണം മറുകര എത്തിക്കാൻ. തെങ്ങുതടിപ്പാലത്തിൽ നിന്ന് തെന്നിവീണ് പലതവണ ഇവിടെ അപകടങ്ങളുമുണ്ടായിട്ടുണ്ട്. നാട്ടുകാർ വർഷം തോറും തെങ്ങിൻതടി മാറ്റിയിടുകയാണ് പതിവ്. കുടപ്പാറ തോട്ടിൽ പാലം വേണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വര്ഷങ്ങളുടെ പഴക്കമുണ്ടങ്കിലും ഇനിയും അധികൃതരുടെ ഭാഗത്തു നിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
----------------
-അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽപ്പെടുന്ന സ്ഥലം
-നാട്ടുകാർ വർഷാവർഷം തെങ്ങുതടി മാറ്റിയിടുന്നു