waste
നിരണം വട്ടടി തോട്ടിലെ മാലിന്യങ്ങൾ വഴിയോരത്ത് തള്ളിയനിലയിൽ

തിരുവല്ല: തോടിന്റെ ആഴം കൂട്ടുന്നതിനായി നീക്കം ചെയ്ത ചെളിയും മാലിന്യങ്ങളും ജനവാസ കേന്ദ്രത്തിൽ തള്ളി. നിരണം വട്ടടി തോട്ടിലെ കാക്കപോളയും ചെളിയും മറ്റ് മാലിന്യങ്ങളുമാണ് ഇരുകരകളിലായി കൂട്ടിയിട്ടിരിക്കുന്നത്. ഇതോടെ പ്രദേശവാസികൾ രൂക്ഷമായ ദുർഗന്ധം സഹിച്ചു കഴിയേണ്ട ഗതികേടിലാണ്. കൊതുക് ശല്യവും രൂക്ഷമായി. മൈനർ ഇറിഗേഷൻ വകുപ്പിന്റെ മേൽനോട്ടത്തിലാണ് തോടിന്റെ ആഴം വർദ്ധിപ്പിച്ചത്. യന്ത്രസാമഗ്രികളുപയോഗിച്ച് കുഴിച്ചെടുത്ത ചെളിയും മാലിന്യങ്ങളും തോടിന്റെ കരകളിൽ തന്നെ നിക്ഷേപിച്ചു. ഇത് നിർമ്മാർജ്ജനം ചെയ്യാൻ യാതൊരു നടപടിയും അധികൃതർ സ്വീകരിക്കാത്തതിൽ വലിയ പ്രതിഷേധമാണ് ഉണ്ടായിരിക്കുന്നത്. ചെറിയ മഴയുണ്ടായാൽ പോലും കൂട്ടിയിട്ടിരിക്കുന്ന ചെളിക്കൂമ്പാരം ഒഴുകിയൊലിച്ച് തോട്ടിൽ വീഴാനുള്ള സാദ്ധ്യതയേറെയാണ്. കൂടാതെ ഇരുകരകളിലുമുള്ള പൊതുനിരത്തിലൂടെ ഒഴുകാനും സാദ്ധ്യതയുണ്ട്.ചെളിയും മാലിന്യവും മാറ്റുന്നതിന് യാതൊരുവിധ മുന്നൊരുക്കങ്ങളും നടത്താതെ തോടിന്റെ ആഴം കൂട്ടാനെന്ന പേരിൽ വൻ തുകയ്ക്ക് കരാർ നൽകിയതിൽ ദുരൂഹതയുണ്ടെന്ന ആരോപണവും ശക്തമാണ്. തോട്ടിൽ നിന്നും നീക്കം ചെയ്യുന്ന മാലിന്യങ്ങൾ നിർമ്മാർജനം ചെയ്യാൻ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമര പരിപാടികൾ ആരംഭിക്കുമെന്ന് നാട്ടുകാർ പറഞ്ഞു.