ഇളമണ്ണൂർ: ഏതു ഗ്രാമത്തിലും എന്തൊക്കെ വികസന മുന്നേറ്റം ഉണ്ടായില്ലെങ്കിലും ഒരു പൊതുചന്ത കാണും. ജില്ലയിൽ സ്വന്തമായി ചന്തയില്ലാത്ത ഗ്രാമം ഏതെന്നു ചോദിച്ചാൽ ഒന്നേ കാണു ഏനാദിമംഗലം. ഗ്രാമപഞ്ചായത്തായി കാൽ നൂറ്റാണ്ട് പിന്നിട്ടിട്ടും ഒരു ഗ്രാമത്തിൽ അത്യാവശ്യമുള്ള പൊതുചന്ത സ്ഥാപിക്കാൻ മാറി ഭരിച്ച മുന്നണികൾക്ക് കഴിഞ്ഞില്ല.പ്രഥമ ഭരണ സമിതിക്കു നേതൃത്വം നൽകിയ യു.ഡി.എഫ് മുതൽ നിലവിലെ എൽ.ഡി.എഫ് ഭരണ സമിതി വരെ ഇക്കാര്യത്തിൽ അമ്പേ പരാജയമാണ്.ഏനാദിമംഗലം പഞ്ചായത്തിന്റെ ചുമതലയിൽ ഇളമണ്ണൂരിൽ പൊതുചന്ത വേണമെന്ന ആവശ്യം നിറവേറ്റാൻ വാർഷിക ബഡ്ജറ്റുകളിൽ പോലും ഇടം കണ്ടെത്താൻ ഭരണ നേതൃത്വത്തിൽ പൊതുചന്ത നാമമാത്രമായി ഞായാറാഴ്ചകളിൽ പ്രവർത്തിച്ചിരുന്നു. ഗ്രാമത്തിലെ ഏകചന്തയും ഇതായിരുന്നു. പക്ഷേ, കർഷകർക്കും ഉപഭോക്താക്കൾക്കും അൽപ്പമെങ്കിലും പ്രയോജനപ്പെട്ടിരുന്ന ചന്തയുടെ പ്രസക്തി വൻകിട തോട്ടങ്ങൾ തുണ്ടായി വിഭജിച്ച് വിൽപ്പന ചെയ്തതോടെ നഷ്ടമായി.

സാധനങ്ങൾ വാങ്ങാൻ പോകുന്നത് കിലോമീറ്റർ അകലെ

വ്യാപാരത്തിനും സാധനങ്ങൾ വാങ്ങാനും കിലോമീറ്ററുകൾ അകലെ പറക്കോട് അനന്തരാമപുരം ചന്തയിലും അടൂർ ശ്രീമൂലം ചന്തയിലും കൊല്ലം ജില്ലയിലെ പത്തനാപുരത്തും ചളിക്കുഴിയിലും പട്ടാഴിയിലുമാണ് ഗ്രാമവാസികൾ പോകുന്നത്. ചന്തയുണ്ടങ്കിൽ പഞ്ചായത്തിന് നല്ല വരുമാനമുണ്ടാകും. നികുതിയിനത്തിൽ ലഭിക്കുന്ന വരുമാനം മാത്രമാണ് പഞ്ചായത്തിന് നിലവിലുള്ളത്.