തിരുവല്ല: പ്ലാസ്റ്റിക് കവറിലാക്കി പെരിങ്ങര പഞ്ചായത്തിലെ വേങ്ങൽ - വേളൂർ മുണ്ടകം തോട്ടിലും റോഡരികിലുമായി മാലിന്യനിക്ഷേപം വർദ്ധിക്കുന്നു. മാലിന്യ നിക്ഷേപത്തിനെതിരെനാട്ടുകാരുടെ പ്രതിഷേധം ശക്തമായി. പോളയും പായലും കെട്ടിനിന്ന് നീരൊഴുക്ക് നിലച്ചു കിടക്കുകയാണ് വേളൂർ മുണ്ടകംതോട്. ഇതിനിടെ തോട്ടിൽ മാലിന്യ നിക്ഷേപം കൂടി വർദ്ധിച്ചതോടെ ജലം ഏറെ മലിനമായി അസഹനീയമായ ദുർഗന്ധമാണ് സമീപത്ത്. ഇറച്ചിക്കടകളിലെ മാംസാവശിഷ്ടങ്ങളും മറ്റും നിറച്ച നിരവധി ചാക്കു കെട്ടുകളാണ് രണ്ട് കിലോമീറ്ററോളം വരുന്ന റോഡരികിലും തോട്ടുവക്കിലുമായി കിടക്കുന്നത്. മാലിന്യങ്ങളിൽ നിന്നുയരുന്ന കടുത്ത ദുർഗന്ധം കാൽനട യാത്രക്കാർക്കും ഇരുചക്ര വാഹന യാത്രക്കാർക്കും ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്. തോട്ടിലെ വെള്ളം മലിനമായതോടെ സമീപത്തെ കിണറുകളിലെ വെള്ളവും മലീമസമായി തുടങ്ങിയിട്ടുണ്ട്. വേങ്ങൽ തോട്ടിലും കരയിലുമായി നടക്കുന്ന മാലിന്യ നിക്ഷേപം തടയുന്നതിന് ശക്തമായ നടപടി സ്വീകരിക്കുവാൻ പഞ്ചായത്ത് അധികൃതർ തയാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.