ചെങ്ങന്നൂർ: നിയന്ത്രണം വിട്ട് മറിഞ്ഞ കാറിൽ നിന്നും കഞ്ചാവ് പിടികൂടി. തിരുവനന്തപുരത്ത് നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന കാർ മുളക്കുഴ പള്ളിപ്പടിക്ക് സമീപം അപകടത്തിൽപ്പെടുകയായിരുന്നു
വാഹനത്തിൽ നിന്നും എട്ട് കിലോയോളം കഞ്ചാവ് കണ്ടെടുത്തു. അടൂർ, പഴകുളം സ്വദേശികളായ പൊൻമന കിഴക്കേതിൽ ഹബീബ് റാവുത്തർ മകൻ ഷൈജു (ലൈജു 25), ജമാൽ മകൻ ഫൈസൽ (19) തിരുവനന്തപുരം നെടുമങ്ങാട്, പറമ്പുവാരത്ത് വീട്ടിൽ മഹേന്ദ്രൻ മകൻ മഹേഷ് (36) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇന്നലെ രാവിലെ 9നായിരുന്നു അപകടം. ഷൈജു പത്തനംതിട്ട, നൂറനാട്, അടൂർ എന്നീ സ്റ്റേഷനുകളിൽ വധശ്രമം ഉൾപ്പെടെയുള്ള നിരവധി കേസുകളിൽ പ്രതിയാണ്. സമീപവാസികളും യാത്രക്കാരും ചേർന്ന് യുവാക്കളെ വാഹനത്തിൽ നിന്നും പുറത്തിറക്കിയപ്പോൾ നാട്ടുകാരാണ് പൊതികൾ കണ്ടത്. നിസാര പരിക്കേറ്റ ഇവരെ ഓട്ടോയിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കവെ യുവാക്കൾ പൊതികൾ എടുക്കാൻ ശ്രമിച്ചപ്പോൾ നാട്ടുകാർക്ക് സംശയം തോന്നി തടയുകയും പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. ചെങ്ങന്നൂർ സി.ഐ ജോസ് മാത്യു, എസ്.ഐ എസ്.വി ബിജു എന്നിവരുടെ നേതൃത്വത്തിൽ വാഹനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. മുളക്കുഴ കൊവിഡ് സെക്ട്രൽ മജിസ്‌ട്രേറ്റ് ലൈജു മാണിയുടെ സാന്നിദ്ധ്യത്തിൽ നടപടികൾ സ്വീകരിച്ചു. പ്രതികളെ വൈദ്യപരിശോധനയ്ക്കു ശേഷം കോടതിയിൽ ഹാജരാക്കും.