പത്തനംതിട്ട: ശബരിമലയിലും പമ്പയിലും അയ്യപ്പ സേവാസംഘത്തിന്റെ സേവനം പ്രയോജനപ്പെടുത്തണം. ശബരിമലയിൽ അയ്യപ്പസേവാസംഘത്തിന്റെ സ്ട്രക്ചർ സർവീസാണ് ഏറ്റവും വലിയ സേവനം. കരിമല പാതയിലും നീലിമല, അപ്പാച്ചിമേട്, പാതയിലും വണ്ടിപ്പെരിയാർ, ഉപ്പുപാറ വഴി പാണ്ടിത്താവളം വഴിയുള്ള പരമ്പരാഗത പാതകളിലൂടെ കാൽനടയായി വരുന്നവരുടെ എണ്ണം ഇത്തവണ കുറയാൻ ഇടയുണ്ടെങ്കിലും നൂറ്റാണ്ടുകളായി നിലനിന്നുവരുന്ന ആചാരം തീർത്തും ഉപേക്ഷിക്കാൻ ഇടയില്ല. ഈ വഴികളിൽ കാൽ വഴുതി വീണ് അപകടം പറ്റുമ്പോഴും ഹൃദ്രോഗം പോലുള്ള മാരക അസുഖം ബാധിക്കുമ്പോഴും അയ്യപ്പസേവാസംഘത്തിന്റെ സ്‌ട്രെക്ചർ സർവീസാണ് അയ്യപ്പന്മാരെ രക്ഷിച്ചിട്ടുള്ളത്.നീലിമലയിലും അപ്പാച്ചിമേട്ടിലുമുള്ള പ്രാഥമിക ശുശ്രൂഷാകേന്ദ്രങ്ങളിൽ നിമിഷ വേഗതയിൽ എത്തിക്കണമെങ്കിൽ സ്ട്രക്ചർ സർവീസ് തന്നെ വേണം. നാലുപേരുടെ അദ്ധ്വാനമാണ് ഒരു ഗ്രൂപ്പിൽ വേണ്ടത്. മരണം സംഭവിച്ചാൽ മൃതദേഹം അയ്യപ്പസേവാ സംഘം വാളണ്ടീയേഴ്‌സാണ് പമ്പയിൽ എത്തിച്ചുകൊണ്ടിരുന്നത്.സ്ട്രക്ചർ സർവീസ് വാളണ്ടീയേഴ്‌സിന്റെ നീണ്ട വിസിലടി അപായസൂചനയാണ്. ഈ വിസിലടി കേൾക്കുമ്പോൾ പൊലീസുകാർ ഉൾപ്പെടെ വഴിമാറി കൊടുക്കുമായിരുന്നു.
കോളേജ് വിദ്യാർത്ഥികളും അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള സന്നദ്ധ പ്രവർത്തകരും മുൻ വർഷങ്ങളിൽ ഈ സേവനത്തിൽ പങ്കെടുത്തുകൊണ്ടിരുന്നു. ശബരിമലയിലേക്ക് ആവശ്യമായ വിശുദ്ധി സേനാംഗങ്ങളെ തമിഴ് നാട്ടിൽ നിന്നും മറ്റും എത്തിച്ചുകൊണ്ടിരുന്നത് അയ്യപ്പ സേവാസംഘമാണ്. വഴിയോരങ്ങളിൽ അയ്യപ്പസേവാസംഘത്തിന്റെ ചുക്കുവെള്ള വിതരണവും മലകയറുന്നതിനു അയ്യപ്പന്മാർക്ക് വലിയ ആശ്വാസമായിരുന്നു. നെയ്യഭിഷേകത്തിനുള്ള നെയത്തേങ്ങാ അയ്യപ്പന്മാർ വീട്ടിൽ നിന്നു കൊണ്ടുവരുന്നതിനു പകരം പതിനെട്ടാംപടിക്കു സമീപത്തോ പമ്പയിലോ വച്ച് അയ്യപ്പന്മാർക്ക് നിശ്ചിത വിലയ്ക്ക് നൽകുന്നതിനെക്കുറിച്ച് ദേവസ്വം അധികൃതരും പൊലീസ് അധികൃതരും ആലോചിക്കണം.ശബരിമലയിലും പമ്പയിലും ആംബുലൻസ് ഹെലിക്കോപ്റ്റർ വേണമെന്നത് വർഷങ്ങളായി ഉന്നയിക്കുന്ന ആവശ്യമാണ്. എൻ.ഭാസ്‌കരൻ നായർ ദേവസ്വം ബോർഡ് പ്രസിഡന്റും വി.എസ്.മാധൻ നായർ മെമ്പറുമായിരുന്ന കാലത്ത് ഇതിനെക്കുറിച്ചു ചില പ്രാരംഭ ആലോചനകൾ നടത്തിയിരുന്നു. പമ്പ ഹിൽ ടോപ്പിലും ഉപ്പുപാറയിലും മകരവിളക്കുനാൾ തിക്കിലും തിരക്കിലുംപെട്ട അനേകം അയ്യപ്പന്മാർ മരിച്ചപ്പോൾ ഇതിന്റെ ആവശ്യകത ഏറെ ബോദ്ധ്യപ്പെട്ടതുമാണ്.